Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രി മോഡിയുമായി മലയാളം ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് താരിഖ് മിശ്ഖസ് നടത്തിയ അഭിമുഖം

ജി- 20 രാജ്യങ്ങള്‍ക്കിടയിലെ അസമത്വം ഇല്ലാതാക്കുന്നതിനും സുസ്ഥിര വികസനമെന്ന ആശയം മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇന്ത്യയും സൗദി അറേബ്യയും പരസ്പരം കൈകോര്‍ക്കും -മൂന്നു വര്‍ഷത്തിനിടെ ഇത് രണ്ടാമത്തെ തവണ സൗദി അറേബ്യയില്‍ ഔദ്യോഗിക പര്യടനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാജ്യം അതിന്റെ ഏറ്റവും വലിയ വിപണി രാജ്യമായ ഇന്ത്യയുമായി കാത്തുസൂക്ഷിക്കുന്നത് പതിറ്റാണ്ടുകളുടെ  ചിരന്തന സൗഹൃദമാണ്.  ചരിത്രപരമായി, സാംസ്‌കാരികമായി, വാണിജ്യപരമായി സൗദി-ഇന്ത്യ സൗഹൃദത്തിലെ പുതിയ വഴിത്തിരിവായാണ് മോഡിയുടെ ഈ സന്ദര്‍ശനത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പുതിയ കാലത്തിന്റെ വെല്ലുവിളികളെ സുധീരം അതിജീവിക്കാനും ആഗോള സമ്പദ്ഘടനയുടെ അസ്ഥിവാരമുറപ്പിക്കുന്നതിനും ഇന്ത്യക്ക് സൗദി അറേബ്യയുമായി ഏതുവിധം സഹകരിക്കാമെന്നുള്ള തന്ത്രപ്രധാനമായ കാര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുന്നു.

? ബഹുമാനപ്പെട്ട പ്രധാനമന്ത്രി, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി താങ്കള്‍ പലവട്ടം കൂടിക്കാഴ്ച നടത്തിയിട്ടും ചര്‍ച്ച നടത്തിയിട്ടുമുണ്ട്. ജി 20 ചര്‍ച്ചകള്‍ക്കിടെയും കഴിഞ്ഞ വര്‍ഷം കിരീടാവകാശി ദല്‍ഹിയില്‍ വന്നപ്പോഴും നിങ്ങള്‍ പരസ്പരം കണ്ടു. നിങ്ങള്‍ ഇരുവരും തമ്മിലുള്ള പ്രശംസനീയമായ 'രസതന്ത്രം' എന്താണെന്ന് വിശദീകരിക്കാമോ?

2016 ല്‍ ഞാന്‍ ആദ്യമായി സൗദിയില്‍ വന്നപ്പോള്‍ ഇന്ത്യ-സൗദി ബന്ധത്തില്‍ അദ്ഭുതാവഹമായ മുന്നേറ്റം ദര്‍ശിക്കാനായി. ഇത് തീര്‍ത്തും വ്യക്തിപരമായി എനിക്ക് അനുഭവവേദ്യമായതാണ്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ഞാന്‍ അഞ്ചു തവണ കണ്ടിട്ടുണ്ട്. എല്ലാം അവിസ്മരണീയമായ കൂടിക്കാഴ്ചകള്‍. വീണ്ടുമൊരിക്കല്‍ കൂടി അദ്ദേഹവുമായി നേരില്‍ കാണുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നു. സല്‍മാന്‍ രാജാവും മുഹമ്മദ് രാജകുമാരനുമായുള്ള ചര്‍ച്ചകളിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഢമായിത്തീരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

? 2010 ല്‍ റിയാദ് ഡിക്ലറേഷനില്‍ ഇന്ത്യയും സൗദിയും ഒപ്പു വെച്ച തന്ത്രപരമായ പങ്കാളിത്തമെന്ന ആശയത്തിന്റെ സമകാലിക പുരോഗതിയെക്കുറിച്ച് ഇന്ത്യയുടെ വിലയിരുത്തല്‍ എന്താണ്?

അയല്‍പക്കത്തിന് പ്രഥമ പരിഗണന എന്നത് ഞങ്ങളുടെ വിദേശ നയത്തിന്റെ അടിസ്ഥാന ശിലയാണ്. അയല്‍പക്ക രാജ്യത്തിലേക്ക് സൗഹൃദം വികസിപ്പിക്കുകയെന്നതിന്റെ അടിസ്ഥാനത്തിലാണ് ഉഭയകക്ഷി ബന്ധം മഹത്തായ ഞങ്ങളുടെ സുഹൃദ്‌രാജ്യമായ സൗദി അറേബ്യയിലേക്ക് വികസിപ്പിച്ചത്. സൗദിയുമായി ഞങ്ങളുടേത് ഒരു പ്രത്യേക സൗഹൃദമാണെന്ന് പറയാന്‍ എനിക്ക് സന്തോഷമുണ്ട്. സല്‍മാന്‍ രാജാവ് കിരീടാവകാശിയായ കാലഘട്ടത്തില്‍ -2014 ല്‍- ഇന്ത്യ സന്ദര്‍ശിച്ചതും ഏപ്രില്‍ 2016 ല്‍ ഞാന്‍ റിയാദ് സന്ദര്‍ശിച്ചതും ഈ വര്‍ഷം ഫെബ്രുവരിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചതുമെല്ലാം ഞാന്‍ പറഞ്ഞ ഈ പ്രത്യേക സൗഹൃദത്തിന്റെ തെളിവാണ്.
വിവിധ മേഖലകളിലുള്ള തന്ത്രപരമായ പങ്കാളിത്തം സംബന്ധിച്ച കരാറുകളിലാണ് മഹത്തായ ഈ രണ്ടു രാജ്യങ്ങളും ഇത്തവണത്തെ എന്റെ സന്ദര്‍ശനത്തോടെ ഏര്‍പ്പെടുന്നത് എന്ന കാര്യം മേഖലയിലെ പുതുയുഗപ്പിറവിയുടെ ശുഭസൂചകങ്ങളാണെന്ന് പറയാന്‍ എനിക്കേറെ സന്തോഷമുണ്ട്. വാണിജ്യം, നിക്ഷേപം, സുരക്ഷിതത്വം, പ്രതിരോധ സഹകരണം എന്നീ മേഖലകളിലുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരിക്കും സുപ്രധാനമായ ഈ കരാറുകളത്രയും.

? സുരക്ഷ വിഷയങ്ങളില്‍ ഇന്ത്യ-സൗദി സഹകരണം കൂടുതല്‍ മെച്ചപ്പെട്ടു വരുന്നതായാണ് മാധ്യമ വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ ആദരണീയനായ പ്രധാനമന്ത്രി, താങ്കള്‍ സന്തുഷ്ടനാണോ?

തീര്‍ച്ചയായും. ഞാന്‍ വിചാരിക്കുന്നത് ഏഷ്യയിലെ രണ്ട് കരുത്തുറ്റ രാജ്യങ്ങള്‍ എന്ന നിലയ്ക്ക് ഇന്ത്യയും സൗദിയും അവരവരുടെ അയല്‍ദേശങ്ങളില്‍ നിന്നാണ് കൂടുതല്‍ സുരക്ഷ പ്രശ്‌നങ്ങള്‍ നേരിടുന്നത് എന്നാണ്. ഇക്കാര്യത്തില്‍ ഇരു രാഷ്ട്രങ്ങളും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഭീകരതയെ പ്രതിരോധിക്കുന്ന കാര്യത്തില്‍ പരസ്പര സഹകരണം അനിവാര്യമാണെന്ന തിരിച്ചറിവിലാണ് ഇന്ത്യയുടെ സുരക്ഷ ഉപദേഷ്ടാവ് ഈയിടെ റിയാദ് സന്ദര്‍ശിച്ചത്. വളരെ ഫലപ്രദമായിരുന്നു അദ്ദേഹത്തിന്റെ പര്യടനം.
പ്രതിരോധ, സുരക്ഷ മേഖലകളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നത് സംബന്ധിച്ച ചര്‍ച്ചകളും തീരുമാനങ്ങളും ഈ സന്ദര്‍ശനത്തോടെ സ്വീകരിക്കാനായി. ദേശീയ സുരക്ഷ സംബന്ധിച്ച ഇരു രാജ്യങ്ങളും പുതിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കും. പ്രതിരോധ സേന മേഖലകളിലും ഈ പരസ്പരൈക്യം തുടര്‍ന്നു പോകാനാണ് തീരുമാനം.

? മധ്യപൂര്‍വദേശം, പശ്ചിമേഷ്യ- എല്ലാ മേഖലകളിലും സംഘര്‍ഷവും പ്രതിസന്ധികളും ഉരുണ്ട് കൂടുന്നു. ശക്തമായൊരു രാജ്യമെന്ന നിലയില്‍ ഈ പറഞ്ഞ മേഖലയില്‍ ശക്തമായി വരുന്ന അസാമാധാനം കുറയ്ക്കാന്‍ ഇന്ത്യക്ക് എന്ത് പങ്കാണ് വഹിക്കാനാവുകയെന്നാണ് പ്രധാനമന്ത്രിക്ക് തോന്നുന്നത്.
ഒരു രാജ്യവും മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നത്തില്‍ ഇടപെടാതിരിക്കുക, അതാത് രാജ്യത്തിന്റെ അഖണ്ഡതയിലും പരമാധികാരത്തിലും പുറത്ത് നിന്നുള്ള കൈ കടത്തല്‍ ഒഴിവാക്കി, പരസ്പരം ആദരിക്കുക -ഇതാണ് പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ പരിഹാരത്തിന് ചെയ്യാവുന്ന പോംവഴിയെന്നാണ് ഇന്ത്യയുടെ സുചിന്തിതമായ അഭിപ്രായം. മിഡില്‍ ഈസ്റ്റിലെ മാത്രമല്ല, മൊത്തം പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളുമായി ഇന്ത്യക്ക് ഉറ്റ സൗഹൃദമാണുള്ളത്. അവിടങ്ങളിലെല്ലാം ഇന്ത്യന്‍ പ്രവാസികളായി മൊത്തം എണ്‍പത് ലക്ഷം പേര്‍ ജീവിക്കുന്നു. എല്ലാ രാജ്യങ്ങളിലെയും ഭരണാധിപന്മാരുടെ ക്രിയാത്മക ചര്‍ച്ചകളിലൂടെ ഏത് പ്രതിസന്ധിക്കും പരിഹാരം കാണാനാകുമെന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്.
? ജി 20 യില്‍ ഇന്ത്യയും സൗദിയും അംഗരാജ്യങ്ങളാണ്. ആഗോള സാമ്പത്തിക പരിപ്രേക്ഷ്യത്തില്‍ ഈ സഹകരണത്തെ താങ്കള്‍ എങ്ങനെയാണ് വീക്ഷിക്കുന്നത്?

ഇന്ത്യയുടെ ഇക്കാര്യത്തിലുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനം ജി 20 അംഗരാജ്യങ്ങളില്‍ വലിയ പ്രതിഫലനമാണ് സൃഷ്ടിച്ചിട്ടുള്ളത്. എല്ലാവരെയും വിശ്വാസത്തിലെടുത്ത് സംയുക്തമായ നീക്കങ്ങളിലൂടെ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാനാവുമെന്നാണ് ഞാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലിയില്‍ സംസാരിച്ചത്. അതാത് രാജ്യങ്ങളും സമ്പദ്ഘടനകളും അവയുടെ ശാക്തിക ബലാബലവും തമ്മിലുള്ള വിടവ് നികത്തപ്പെടുന്നതിലൂടെ വലിയ തോതില്‍ പ്രശ്‌നപരിഹാരം സാധ്യമാകും.
അടുത്ത വര്‍ഷം സൗദി അറേബ്യയും 2022 ല്‍ ഇന്ത്യയും ജി-20 ഉച്ചകോടികള്‍ക്ക് ആതിഥ്യം വഹിക്കും. ഇന്ത്യയുടെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിന വര്‍ഷം കൂടിയാണ് 2022.

? പാശ്ചാത്യ രാജ്യങ്ങള്‍ പോലും കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുകയാണ്. ഇന്ത്യയും സൗദി അറേബ്യയും പോലുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ക്രിയാത്മകമായ എന്തെങ്കിലും റോള്‍ വഹിക്കാനാവുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

സാമ്പത്തിക രംഗത്ത് ഇന്ത്യ പ്രാബല്യത്തില്‍ വരുത്തിയ പല പരിഷ്‌കരണങ്ങള്‍ക്കും അന്തര്‍ദേശീയ തലത്തില്‍ ഗുണാത്മകമായ പ്രതിഫലനങ്ങളുണ്ടാക്കിയിട്ടുണ്ട്. സുസ്ഥിരത സാമ്പത്തിക മേഖലയില്‍ എന്ന ലക്ഷ്യ സാക്ഷാല്‍ക്കാരമാണ് അതില്‍ മുഖ്യം. നിക്ഷേപകരെ ലോകമെമ്പാടും നിന്ന് ആകര്‍ഷിക്കുന്നതിനും നിക്ഷേപ സൗഹൃദ രാജ്യമായി ഇന്ത്യയെ മാറ്റുന്നതിനും സാധിച്ചു. ഇക്കാര്യത്തില്‍ ലോക ബാങ്കിന്റെ ബിസിനസ് സൂചിക പ്രകാരം 2014 ല്‍ 143 ാം സ്ഥാനത്ത് നിന്ന് ഇന്ത്യ 2019 ആയപ്പോഴേക്ക് അറുപത്തിമൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മേയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്വഛ് ഭാരത്, സ്മാര്‍ട്ട് സിറ്റികള്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയവ നിരവധി വിദേശ നിക്ഷേപകര്‍ക്ക് വാതില്‍ തുറന്നു കൊടുത്തു.

? സൗദിയിലെ ഇന്ത്യക്കാര്‍ക്ക് താങ്കള്‍ക്ക് നല്‍കാനുള്ള സന്ദേശമെന്താണ്?

26 ലക്ഷം ഇന്ത്യക്കാര്‍ സൗദി അറേബ്യയെ അവരുടെ രണ്ടാമത്തെ മാതൃരാജ്യമായി കാണുന്നു. സൗദിയുടെ വികാസത്തില്‍ അവര്‍ വഹിക്കുന്ന പങ്ക് പരമപ്രധാനമാണ്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഹജ്-ഉംറ കര്‍മങ്ങള്‍ക്കായി സൗദിയിലേക്ക് വരുന്നു. ബിസിനസ് സംരംഭകരും നിക്ഷേപകരുമായി നിരവധി ഇന്ത്യന്‍ പൗരന്മാര്‍ വേറെയുമുണ്ട്. ഇവിടെയുള്ള ഇന്ത്യക്കാരുടെ കഠിനാധ്വാനത്തെ ഞാന്‍ പ്രശംസിക്കുന്നു. ഇരുരാജ്യങ്ങളുടെയും സൗഹൃദം വിപുലമാക്കുന്നതിന് ഓരോ ഇന്ത്യക്കാരന്റെയും സംഭാവന അനര്‍ഘമാണ്. ദശാബ്ദങ്ങളായി തുടര്‍ന്നു പോരുന്ന ഇന്ത്യ-സൗദി സൗഹൃദം കൂടുതല്‍ സുദൃഢമാക്കുന്നതിന് ഇവിടെയുള്ള ഓരോ ഇന്ത്യക്കാരനും ആത്മാര്‍ഥതയോടെ, അച്ചടക്കത്തോടെ, പരിശ്രമിക്കണമെന്നും അത് നമുക്കിടയില്‍ വലിയൊരു ആത്മബന്ധത്തിന്റെ പാലമായി ഉയര്‍ന്നു നില്‍ക്കുമെന്നുമാണ് എനിക്ക് പറയാനുള്ളത് - നന്ദി.

 


   

 

 

Latest News