വാഷിംഗ്ടണ്‍- ഐ.എസില്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ പിന്‍ഗാമിയാകുമെന്ന് കരുതിയിരുന്നയാളും സിറിയയില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ബഗ്ദാദിയുടെ ഒന്നാം നമ്പര്‍ പിന്‍ഗാമിയേയും അമേരിക്കന്‍ സൈന്യം വകവരുത്തിയതായി സ്ഥിരീകരിച്ചുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. എന്നാല്‍ ആരാണ് കൊല്ലപ്പെട്ടതെന്നോ എപ്പോഴാണ് ഇയാളെ ബഗ്ദാദി പിന്‍ഗാമിയായി നിശ്ചയിച്ചതെന്നോ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. ഐ.എസ് സംഘത്തിലെ പ്രമുഖനും വക്താവുമായ അബു അല്‍ ഹസന്‍ അല്‍ മുഹാജിര്‍ കൊല്ലപ്പെട്ടതായി യു.എസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച സ്ഥിരീകരിച്ചിരുന്നു.
അതിനിടെ, ബഗ്ദാദിയുടെ അനുയായികള്‍ സിറിയയിലെ ജയിലുകളും മറ്റു തടവു കേന്ദ്രങ്ങളും ആക്രമിക്കുമെന്ന ഭീതി ശക്തമായി. ഐ.എസ് തടവുകാരെയും വടക്കുകിഴക്കന്‍ സിറിയയിലെ ജയിലുകളിലും ക്യാമ്പുകളിലും തടവിലാക്കപ്പെട്ട സ്ത്രീകളെയും മോചിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നാണ് അബൂബക്കര്‍ അല്‍ ബഗ്ദാദി അവസാനമായി അണികള്‍ക്ക് നല്‍കിയ ഓഡിയോ സന്ദേശം.
ഐ.എസ് നേതാവിന്റെ മരണവാര്‍ത്തയോടെ ആക്രമണങ്ങളോ കലാപമോ ഉണ്ടാകുമോ എന്നതിനെക്കുറിച്ച് ആശങ്കയിലാണ് കുര്‍ദ് സുരക്ഷാ സേന. ഐ.എസ് അംഗങ്ങളും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 80,000 ലേറെ പേര്‍ തടങ്കലില്‍ കഴിയുന്നുണ്ട്.
വടക്കുകിഴക്കന്‍ സിറിയയില്‍ തുര്‍ക്കി സൈനിക ആക്രമണം നടത്തിയപ്പോഴും കുര്‍ദ് പോരാളികള്‍ ഇതേ ആശങ്ക പങ്കുവെച്ചിരുന്നു. ബഗ്ദാദിയുടെ സന്ദേശത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം പ്രദേശത്ത് വലിയ സൈനിക മാറ്റങ്ങള്‍ വരുത്തിയിരുന്നു.
ബഗ്ദാദിയുടെ മരണവാര്‍ത്ത ക്യാമ്പുകളില്‍ അറിയിച്ചിട്ടില്ലെങ്കിലും സിറിയയിലെ ജയിലുകളിലും ക്യാമ്പുകളിലും താമസിക്കുന്ന അനുയായികളില്‍ പലര്‍ക്കും ടെലിഫോണ്‍ ഉള്ളതിനാല്‍ വാര്‍ത്ത പ്രചരിച്ചു കഴിഞ്ഞിട്ടുണ്ടാകും.
ഞങ്ങളുടെ പുരുഷന്മാര്‍ ജയിലിലാണെങ്കില്‍, ഞങ്ങള്‍ ഖിലാഫത്തിന്റെ സൈനികരാണെന്ന് വടക്കന്‍ സിറിയയിലെ ഏറ്റവും വലിയ ക്യാമ്പില്‍ തടവിലാക്കപ്പെട്ട ചില സ്ത്രീകള്‍ മുദ്രാവാക്യം മുഴക്കിയതായി കുര്‍ദ് നേതൃത്വത്തിലുള്ള ആഭ്യന്തര സുരക്ഷാ ഏജന്‍സിയുടെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പതിനായിരങ്ങള്‍ താമസിക്കുന്ന ഈ ക്യാമ്പില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇവരില്‍ 11,000 വിദേശികളുണ്ട്.