ബെയ്‌റൂത്ത്- ജനകീയ പ്രക്ഷോഭം രൂക്ഷമാകുകയും അക്രമാസക്തമാകുകയും ചെയ്ത ലെബനോനില്‍ രണ്ടാഴ്ചയോളം അധികാരത്തില്‍ പിടിച്ചുനിന്ന പ്രധാനമന്ത്രി സഅദ് ഹരീരി തന്റേയും കാബിനറ്റിന്റേയും രാജി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ രാജ്യത്ത് ജനജീവിതം സ്തംഭിച്ചിരുന്നു.
താന്‍ അന്തിമഘട്ടത്തിലാണെന്ന് പറഞ്ഞുകൊണ്ടാണ് ഹരീരി ടെലിവിഷന്‍ പ്രസംഗത്തില്‍ രാജി പ്രഖ്യാപിച്ചത്. 'ജോലികള്‍ വരും പോകും, പക്ഷേ രാജ്യമാണ് പ്രധാനം, രാജ്യത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2005 ല്‍ വധിക്കപ്പെട്ട പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ വാക്കുകള്‍ തന്നെയാണ് സഅദ് ഹരീരി ആവര്‍ത്തിച്ചത്.
അതേസമയം, പ്രധാനമന്ത്രിയുടെ രാജി പ്രതിഷേധക്കാരെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ സാധ്യതയില്ലെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. മൊത്തം രാഷ്ട്രീയക്കാര്‍ക്കെതിരെയാണ് ജനങ്ങള്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നത്.