ഗുവാഹത്തി- ബി.ജെ.പി കേരള സംസ്ഥാന അദ്ധ്യക്ഷനായിരുന്ന പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച നടപടിക്കെതിരെ മിസോറാമില്‍ പ്രതിഷേധം. ബി.ജെ.പിക്കാരെ കൊണ്ടുവന്ന് തള്ളാനുള്ള ഇടമാണോ മിസോറാം എന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് മിസോറാം(പ്രിസം) എന്ന സംഘടനയാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. ശ്രീധരന്‍ പിള്ളയെ ഗവര്‍ണറായി നിയമിച്ചതിലൂടെ സംസ്ഥാനത്തോടുള്ള സര്‍ക്കാരിന്റെ അവഗണനയാണ് വ്യക്തമാകുന്നതെന്നും ആര്‍.എസ്.എസ് പശ്ചാത്തലമുള്ളവരെ വേണ്ടേ വേണ്ടെന്നും പ്രിസമിന്റെ അദ്ധ്യക്ഷന്‍ വാനിലാല്‍ റുവാത പറയുന്നത്. ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമില്‍ ക്രിസ്ത്യന്‍ അനുകൂലിയോ മതേതരനോ ആയ ഒരാള്‍ വേണം ഗവര്‍ണറാകാനെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്. നരേന്ദ്ര മോഡി സര്‍ക്കാര്‍ മിസോറാമിനെ കേരളത്തിലെ ബി.ജെ.പി നേതാക്കളെ കൊണ്ട് തള്ളാനുള്ള ഇടമാക്കി മാറ്റിയിരിക്കുകയാണെന്നും സംഘടന പറയുന്നു. മുന്‍പും കേരളത്തിലെ ബി.ജെ.പി നേതാവായിരുന്ന കുമ്മനം രാജശേഖരനെ കേന്ദ്ര സര്‍ക്കാര്‍ മിസോറാം ഗവര്‍ണറായി നിയമിച്ചിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി അദ്ദേഹം ഈ സ്ഥാനത്തുനിന്നും രാജി വച്ചിരുന്നു. അതിനു ശേഷം അസം ഗവര്‍ണറായ ജഗദീഷ് മുഖിക്കായിരുന്നു മിസോറാമിന്റെ ചുമതല. അതേസമയം, തങ്ങളുടെ ആളെ ഗവര്‍ണറായി നിയമിച്ചുകൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.