Sorry, you need to enable JavaScript to visit this website.

യൂറോപ്യന്‍ യൂനിയന്‍ എം.പിമാര്‍ കശ്മീരില്‍; പബ്ലിസിറ്റി സ്റ്റണ്ടെന്ന് ബ്രിട്ടീഷ് എം.പി

കശ്മീര്‍ സന്ദര്‍ശിച്ച യൂറോപ്യന്‍ യൂനിയന്‍ എം.പിമാര്‍ ദാല്‍ തടാകത്തില്‍ തോണിയാത്ര ആസ്വദിക്കുന്നു.

ശ്രീനഗര്‍- കശ്മീരില്‍ യൂറോപ്യന്‍ യൂനിയന്‍ എം.പിമാര്‍ സന്ദര്‍ശനം നടത്തുന്നതിനിടെ, ഇന്ത്യ ആദ്യം ക്ഷണിക്കുകയും പിന്നീട് ക്ഷണം പിന്‍വലിക്കുകയും ചെയ്ത ഒരു എം.പി പ്രസ്താവനയുമായി രംഗത്തെത്തി. മോഡി സര്‍ക്കാരിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമാകാന്‍ തയാറാവാത്തതാണ് തന്നെ ഒഴിവാക്കാന്‍ കാരണമെന്ന് യൂറോപ്യന്‍ യൂനിയന്‍ എം.പി ക്രിസ് ഡേവീസ് പറഞ്ഞു.  സുരക്ഷ വലയമില്ലാതെ കശ്മീരില്‍ ജനങ്ങളോട് സ്വതന്ത്രമായി സംവദിക്കണമെന്ന ആവശ്യമുയര്‍ത്തിയതിനാലാണ് തന്നെ ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തര പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഡെമോക്രാറ്റ് എം.പിയാണ് ക്രിസ് ഡേവീസ്. ഒക്‌ടോബര്‍ ഏഴിന് തനിക്കയച്ച ക്ഷണം മൂന്നു ദിവസത്തിനകം പിന്‍വലിച്ചെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. പോലീസ്, ജനങ്ങള്‍ എന്നിവരോട് സ്വതന്ത്രമായി സംസാരിക്കുന്നതിനും മാധ്യമ പ്രവര്‍ത്തകരെ ഒപ്പം കൂട്ടുന്നതിനും താന്‍ ആവശ്യപ്പെട്ടതോടെയാണ് ക്ഷണം പിന്‍വലിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
23 ഇ.യു എം.പിമാരെ കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചതിനെ ചോദ്യം ചെയ്ത ക്രിസ് ഡേവീസ് കശ്മീരില്‍ ജനാധിപത്യ തത്വങ്ങള്‍ ബലികഴിക്കപ്പെട്ടതായി കുറ്റപ്പെടുത്തി. ഇക്കാര്യം ലോകം ശ്രദ്ധിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ എന്താണ് അവിടെ ഒളിച്ചുവെക്കാന്‍ ശ്രമിക്കുന്നത്.
മാധ്യമ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും താഴ്‌വര സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്താനും അവസരം നല്‍കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
അതിനിടെ, വിവിധ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍നിന്നുള്ള 23 എം.പിമാരുടെ സംഘം ഇന്നലെ കശ്മീര്‍ സന്ദര്‍ശിച്ചു. വിജനമായ റോഡുകളാണ് എം.പിമാരെ കാത്തിരുന്നത്. ദാല്‍ തടാകത്തില്‍ തോണിയാത്ര ആസ്വദിച്ച എം.പിമാര്‍ സൈനിക ആസ്ഥാനത്തെത്തി കശ്മീരിലെ സുരക്ഷ സ്ഥിതിഗതികളെക്കുറിച്ച വിശദീകരണം കേട്ടു.
27 എം.പിമാര്‍ക്കായിരുന്നു ക്ഷണമെങ്കിലും നാലുപേര്‍ പങ്കെടുത്തില്ല. തീവ്ര വലതുപക്ഷ പാര്‍ട്ടികളില്‍ പെട്ടവരാണ് മിക്ക എം.പിമാരും. ഇടതു-ലിബറല്‍ പാര്‍ട്ടികളില്‍നിന്ന് മൂന്നു പേര്‍ മാത്രം. സ്വകാര്യ സന്ദര്‍ശനമെന്ന നിലയിലാണ് എല്ലാവരും ദല്‍ഹിയില്‍ എത്തിയത്. യൂറോപ്യന്‍ സര്‍ക്കാരുകള്‍ക്ക് ഇതില്‍ പങ്കാളിത്തമില്ല.
സ്വന്തം നാട്ടിലെ എം.പിമാരെപ്പോലും കശ്മീരില്‍ പ്രവേശിപ്പിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ വിദേശ എം.പിമാര്‍ക്ക് അവസരം നല്‍കിയതിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തു വന്നിരുന്നു.


 

 

Latest News