രാഷ്ട്രപതിയായി റാം നാഥ് കോവിന്ദ് അധികാരമേറ്റു
ന്യൂദല്‍ഹി- ഇ ന്ത്യയുടെ 14-ാം രാഷ്ട്രപതിയായി റാം നാഥ് കോവിന്ദ് അധികാരമേറ്റു. മലയാളിയായ കെ ആര്‍ നാരായണനു ശേഷം രാജ്യത്തിന്‍റെ പ്രഥമ പൗരനാകുന്ന രണ്ടാമത് ദലിത് നേതാവാണ് റാം നാഥ് കോവിന്ദ്. പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഏറെ വിനയത്തോടെ തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്നായിരുന്നു രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ ആദ്യ പ്രതികരണം.
ബീഹാര്‍ ഗവര്‍ണര്‍ ആയിരുന്ന കോവിന്ദ് ബിജെപി നേതൃത്വത്തിലുള്ള എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചു ഏഴ് ലക്ഷം വോട്ടുകള്‍ നേടി ജയിച്ചത്. മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ദല്‍ഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 16 വര്‍ഷം അഭിഭാഷകനായി പ്രവര്‍ത്തിച്ച കോവിന്ദ് രണ്ടു തവണ രാജ്യസഭാ എംപി ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്. ബിഹാറില്‍ നിന്നുള്ള ബിജെപിയുടെയും ആര്‍ എസ് എസിന്റെയും ദളിത് നേതാവാണ് 71-കാരനായ കോവിന്ദ്.
ഒരു ചെറിയ ഗ്രാമത്തിലെ മണ്‍കുടിലില്‍ ജനിച്ചു വളര്‍ന്നയാളാണു താന്‍. ഡോ. രാധാകൃഷ്ണന്‍, ഡോ. അബ്ദുല്‍ കലാം, പ്രണബ് ദാ തുടങ്ങിയവരുടെ പിന്‍ഗാമിയായി എത്തുന്നതിലൂടെ താന്‍ അനുഗ്രഹിക്കപ്പെട്ടുവെന്നും രാഷ്ട്രപതി കോവിന്ദ് പറഞ്ഞു.
പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ മുന്‍ നിര നേതാക്കളെല്ലാം പാര്‍ലമെന്റിലെത്തിയിരുന്നു. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിംഗ്, ദേവ ഗൗഡ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.