റിയാദ് - ഐ.എസ് തലവൻ അബൂബക്കർ അൽബഗ്ദാദിയുടെ വധം ലോകത്ത് നവയുഗത്തിന് നാന്ദി കുറിക്കുമെന്ന് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെയാണ് കിരീടാവകാശിയുടെ പരാമർശം.
ഐ.എസ് തലവന്റെ വധത്തിലേക്ക് നയിക്കുന്ന നിലക്ക് അമേരിക്കൻ സൈന്യം നടത്തിയ ഓപറേഷൻ വിജയിച്ചതിൽ അമേരിക്കൻ പ്രസിഡന്റിനെ സൗദി കിരീടാവകാശി അഭിനന്ദിച്ചു. ഭീകരവാദ, തീവ്രവാദ, വിദ്വേഷ വിരുദ്ധ യുദ്ധത്തിൽ ചരിത്രപരമായ ചുവടുവെപ്പാണ് ഈ ഓപറേഷനെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അമേരിക്കൻ പ്രസിഡന്റുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ പറഞ്ഞു. ഭീകര വിരുദ്ധ പോരാട്ട മേഖലയിൽ സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ഫലപ്രദവും അഭംഗുരവുമായ സഹകരണത്തെ ഡൊണാൾഡ് ട്രംപും പ്രശംസിച്ചു.