ലോസ് ഏഞ്ചല്‍സ്- പടര്‍ന്നു പിടിക്കുന്ന കാട്ടു തീയില്‍ ലോസ്ഏഞ്ചല്‍സിലെ അതിസമ്പന്നര്‍ വസിക്കുന്ന മേഖലയിലെ നിരവധി വീടുകള്‍ കത്തിനശിച്ചു. തീ പടര്‍ന്നുപിടിച്ചതോടെ ഹോളിവുഡ് താരങ്ങള്‍ അടക്കമുള്ളവര്‍ക്ക് രാത്രിയില്‍ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. ഹോളിവുഡ് സിനിമാ താരങ്ങളും ലോകപ്രശസ്ത കായിക താരങ്ങളുമടക്കം നിരവധി പ്രശസ്തര്‍ താമസിക്കുന്ന മേഖലയാണ് കിഴക്കന്‍ ലോസ്ഏഞ്ചല്‍സിലെ ബ്രെന്റ് വുഡ്. പ്രശസ്ത ഹോളിവുഡ് നടന്‍മാരായ ആര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗ്ഗര്‍, ക്ലാര്‍ക്ക് ഗ്രെഗ്ഗ്, കുര്‍ട് ഷട്ടര്‍ തുടങ്ങിയവരും ബാസ്‌കറ്റ്‌ബോള്‍ താരം ലെബ്രോണ്‍ ജെയിസ് തുടങ്ങിയവരും രാത്രിയില്‍ പലായനം ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ദശലക്ഷങ്ങള്‍ വിലവരുന്ന വീടുകള്‍ ഉപേക്ഷിച്ചാണ് ഇവര്‍ ഒഴിഞ്ഞുപോയത്. പ്രദേശത്തുനിന്ന് പാതിരാത്രിയില്‍ ജീവനുംകൊണ്ട് ഓടേണ്ടിവന്നവരില്‍ താനും ഉള്‍പ്പെടുന്നതായി ഷ്വാര്‍സ്‌നെഗ്ഗര്‍ ട്വീറ്റ് ചെയ്തു. അഗ്‌നിബാധയുടെ പശ്ചാത്തലത്തില്‍ ബ്രെന്റ് വുഡില്‍ നടക്കാനിരുന്ന ഷ്വാര്‍സ്‌നെഗ്ഗറുടെ പുതിയ ചിത്രം 'ടെര്‍മിനേറ്റര്‍ഡാര്‍ക്ക് ഫേറ്റ്'ന്റെ പ്രീമിയര്‍ മാറ്റിവെക്കേണ്ടിവന്നു. ഇതിനായി തയ്യാറാക്കിയ ഭക്ഷണവസ്തുക്കള്‍ അഗ്‌നിബാധ മൂലം ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നല്‍കാനായി സന്നദ്ധ സംഘടനകളെ ഏല്‍പ്പിച്ചതായി പാരാമൗണ്ട് പിക്‌ചേഴ്‌സ് വ്യക്തമാക്കി. ലോസ്ഏഞ്ചല്‍സിലെ കാടുകളില്‍ പടര്‍ന്നുപിടിച്ച തീ പതിനായിരക്കണക്കിന് പേരുടെ വീടുകളാണ് നശിപ്പിച്ചത്. ഞായറാഴ്ച രാത്രിയില്‍ ആരംഭിച്ച കാട്ടുതീ വളരെ വേഗത്തിലാണ് പടര്‍ന്നുപിടിച്ചത്.