Sorry, you need to enable JavaScript to visit this website.

ശിവസേനയുടെ അവകാശവാദം തള്ളി ഫഡ്‌നാവിസ്; മുഖ്യമന്ത്രി പദവി പങ്കിടില്ല

മുംബൈ- ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ശിവസേനയുമായി ബി.ജെ.പി ധാരണയുണ്ടാക്കിയപ്പോള്‍ തുല്യമായ അധികാര പങ്കിടല്‍ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപവത്കരണത്തില്‍ അധികാരം പങ്കിടലിനുള്ള അവകാശവാദങ്ങള്‍ തുടരുന്നതിനിടെയാണ്  ഫഡ്‌നാവിസ് ശിവസേനയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചത്.

അഞ്ചുവര്‍ഷം കൂടി മുഖ്യമന്ത്രിയായി തുടരുമെന്ന് ഫഡ്‌നാവിസ് മുംബൈയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരായിരിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു-  അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ച ശിവസേന നിലപാടിനെ പരസ്യമായി തള്ളിയിരിക്കയാണ് ഫഡ്‌നാവിസ്. മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്നശിവസേനയുടെ 50-50 ഫോര്‍മുല ഒരിക്കലും അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി രൂപീകരണ സമയത്ത് ശിവസേന 50-50 ഫോര്‍മുല മുന്നോട്ട് വെച്ചിരുന്നുവെങ്കിലും ബി.ജെ.പി അത് അംഗീകരിച്ചിരുന്നില്ല. മുഖ്യമന്ത്രി പദം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ തന്നെ വ്യക്തമാക്കിയതാണ്. ഇതുവരെ ഒരു ഫോര്‍മുലയും തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും ഫഡ്‌നവിസ് പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം സഖ്യത്തില്‍ നിര്‍ണായക ശക്തിയായി മാറിയശിവസേന മുന്നോട്ടുവെച്ച മുഖ്യമന്ത്രി പദം എന്ന ആവശ്യത്തോട് ബി.ജെ.പി നേതൃത്വത്തില്‍ നിന്നുണ്ടാവുന്ന ആദ്യത്തെ വ്യക്തമായ പ്രതികരണമാണ് ഫഡ്‌നവിസിന്റേത്. നിലവിലെ മുഖ്യമന്ത്രിയായ ഫഡ്‌നവിസിനെ തന്നെയാണ് ബി.ജെ.പി തിരഞ്ഞെടുപ്പില്‍ ഭാവി മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയിരുന്നത്.

ഫഡ്‌നവിസിന്റെ പ്രസ്താവന വരുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് തങ്ങള്‍ മറ്റ് സാധ്യതകള്‍ പരിശോധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ഈ സാധ്യതകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാന്‍ റാവത്ത് തയ്യാറായില്ല. എന്നാല്‍ ശിവസേനയുടെ ഇത്തരം പ്രകോപനങ്ങള്‍ വിലപേശലിനായുള്ള തന്ത്രങ്ങളായാണ് ബി.ജെ.പി ക്യാമ്പ് വിലയിരുത്തുന്നത്. കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ വലിയ ആത്മവിശ്വാസത്തോടെ രംഗത്തിറങ്ങിയ ബി.ജെ.പി 105 സീറ്റില്‍  ഒതുങ്ങിയിരുന്നു.

കേവല ഭൂരിപക്ഷത്തിന് 40 എം.എല്‍.എമാരുടെ കുറവാണ് ബി.ജെ.പിക്കുള്ളത്. ഇതാണ് 56 സീറ്റുള്ള ശിവസേനയെ എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരണത്തിലെ നിര്‍ണായക ശക്തിയാക്കി മാറ്റിയത്.

 

Latest News