വാഷിംഗ്ടണ്‍- യു.എസ് കോണ്‍ഗ്രഷണല്‍ സ്റ്റാഫുമായി പുലര്‍ത്തി പോന്നിരുന്ന അവിഹിത ബന്ധത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്‌വുമണ്‍ കെയ്റ്റി ഹില്‍ രാജിവച്ചു. ഈ വിഷയം സംബന്ധിച്ച് ഹൗസ് എത്തിക്‌സ് കമ്മിറ്റിയില്‍ നിന്നും അന്വേഷണം നേരിടവേയാണ് കെയ്റ്റി ഹില്ലിന്റെ രാജി. ഞായറാഴ്ചയാണ് യു.എസ് കോണ്‍ഗ്രസില്‍ നിന്നും താന്‍ വിരമിക്കുകയാണെന്ന് കെയ്റ്റി അറിയിച്ചത്. ജനങ്ങളെയും രാജ്യത്തെയും കണക്കിലെടുക്കുമ്പോള്‍ താന്‍ രാജി വയ്ക്കുന്നതാണ് നല്ലതെന്നും 32കാരിയായ കെയ്റ്റി ട്വിറ്ററില്‍ കുറിച്ചു.
2018 കാലിഫോര്‍ണിയകാരിയായ കെയ്റ്റി ഹില്‍ ഹൗസ് ഓഫ് റപ്രെസെന്റേറ്റിവ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന സമയത്ത് തനിക്ക് തന്റെ പ്രചരണവിഭാഗത്തിലെ ഒരു യുവതിയുമായി ബന്ധമുണ്ടായിരുന്നതായി കെയ്റ്റി സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇവരുമായി താന്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിട്ടില്ലെന്ന് കെയ്റ്റി എടുത്ത് പറയുന്നുണ്ട്. അതേസമയം, കെയ്റ്റി യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് എത്തിക്‌സ് കമ്മിറ്റി തങ്ങളുടെ അന്വേഷണത്തെ അടിസ്ഥാനമാക്കി പറയുന്നത്. നിലവില്‍ കെയ്റ്റി ഹില്ലും ഭര്‍ത്താവുമായുള്ള വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കുകയാണ്.
എന്നാല്‍ താന്‍ കാരണം പറ്റിയ തെറ്റുകള്‍ക്ക് മാപ്പ് പറഞ്ഞ കെയ്റ്റി ഹില്‍ തന്റെ പേര് ചീത്തയാക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമാണ് ഈ സംഭവമെന്നും ആരോപിച്ചു. താനും തന്റെ സ്റ്റാഫുമായി ഉള്ള ബന്ധത്തിന്റെ ഫോട്ടോകള്‍ പുറത്തുവിട്ട ഭര്‍ത്താവിനെയും അത് പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങളെയും അവര്‍ കുറ്റപ്പെടുത്തി. ഇതിനെതിരെ കേസ് നല്‍കുമെന്നും ഹില്‍ അറിയിച്ചിട്ടുണ്ട്. തന്റെ സ്വകാര്യ നിമിഷങ്ങളെ പരസ്യമാക്കുന്ന നടപടി തെറ്റാണെന്നും അത് നിയമവിരുദ്ധമാണെന്നുമാണ് അവര്‍ പറഞ്ഞത്. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ കെയ്റ്റിയുടെ രാജിയിലൂടെ തങ്ങള്‍ക്ക് നഷ്ടപ്പെട്ട ഒരു സീറ്റ് തിരിച്ചുപിടിക്കാനുള്ള അവസരമാണ് എതിരാളികളായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്.