ന്യൂദല്‍ഹി- വിവിധ വിമാനത്താവളങ്ങളില്‍ നിയമിക്കപ്പെട്ട വിമാന കമ്പനികളുടെ 13 ജീവനക്കാരെ മദ്യപിച്ച് പിടികൂടിയതിന്റെ പേരില്‍ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഒന്നര മാസത്തിനിടെയാണ് ഇത്രയും പേരെ പിടികൂടിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. മദ്യപാന പരിശോധനയില്‍ കുടുങ്ങിയവരില്‍ നാലു പേര്‍, ടെര്‍മിനലില്‍ നിന്നും വിമാനത്തിലേക്കും തിരിച്ചും യാത്രക്കാരെ എത്തിക്കുന്ന വാഹനങ്ങളോടിക്കുന്ന ഡ്രൈവര്‍മാരാണ്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 13 പേരില്‍ ഏഴു പേരും ഇന്‍ഡിഗോ ജീവനക്കാരാണെന്നും ഡിജിസിഎ റിപോര്‍ട്ട് പറയുന്നു. ഇന്‍ഡിഗോയ്ക്കു പുറമെ സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നീ കമ്പനികളുടേയും എയറോബ്രിഡ്ജ് ഓപറേറ്റര്‍മാര്‍, കസ്റ്റര്‍മര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കുടുങ്ങിയിട്ടുണ്ട്. ഒരു കമ്പനിയുടെ ഉന്നത മാനേജരും ഇതില്‍പ്പെടും.
സെപ്തംബര്‍ 16 മുതല്‍ ഡിജിസിഎ ഏര്‍പ്പെടുത്തിയ പുതിയ ചട്ടപ്രകാരമാണ് ഈ മദ്യപാന പരിശോധന നടത്തിയത്. വിമാനത്താവളങ്ങളില്‍ ജോലി ചെയ്യുന്ന വിമാന കമ്പനികളുടെ 10 ശതമാനം ജീവനക്കാരെ മിന്നല്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്നാണ് പുതിയ ഡിജിസിഎ ചട്ടം. നവംബര്‍ ഒന്നു മുതല്‍ ഇത് എല്ലാവര്‍ക്കും, പ്രത്യേകിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റില്‍ ജോലി ചെയ്യുന്നവര്‍ക്കടക്കം നിര്‍ബന്ധമാക്കാന്‍ പോകുകയാണ്. നിലവില്‍ പൈലറ്റുമാര്‍ക്കും വിമാനത്തിനകത്ത് ജോലി ചെയ്യുന്നവര്‍ക്കും മാത്രമാണ് മദ്യപാന പരിശോധന നടത്തുന്നത്. പുതിയ ചട്ടം നിവലില്‍ വരുന്നതോടെ 25,000 എയര്‍ലൈന്‍ ജീവനക്കാര്‍ 'ഊതല്‍' പരിശോധനയ്ക്ക് വിധേയരാക്കപ്പെടും.
ഒക്ടോബര്‍ 30ഓടെ ദല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, അഹമദാബാദ്, കൊച്ചി, ലഖ്‌നൗ, ഗുവാഹത്തി വിമാനത്താവളങ്ങളിലെ എല്ലാ എയര്‍ലൈന്‍ ജീവനക്കാര്‍ക്കും ഈ പരിശോധന നിര്‍ബന്ധമാക്കപ്പെടും. മറ്റു 33 വിമാനത്താവളങ്ങളില്‍ നവംബര്‍ 30ഓടെയും ജനുവരി ഒന്നു മുതല്‍ രാജ്യത്തെ എല്ലാ വിമാനത്താവള ജീവനക്കാര്‍ക്കും ഈ പരിശോധന നിര്‍ബന്ധമാക്കപ്പെടും.