ന്യൂദല്‍ഹി- ജമ്മു കശ്മീര്‍ വിഭജിച്ച ശേഷം ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുടെ മറവില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെ 28 യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘം കശമീര്‍ സന്ദര്‍ശനത്തിനെത്തി. ഇവര്‍ നാളെ കശ്മീരിലേക്കു തിരിക്കും. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനേയും സംഘം കണ്ടു. ജമ്മു കശ്മീരിന്റെ വികസന, ഭരണ മുന്‍ഗണനകളെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് ഈ സന്ദര്‍ശനത്തിലൂടെ സംഘത്തിന് ലഭിച്ചിരിക്കണമെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. ജമ്മു, കശ്മീര്‍, ലഡാക്ക് മേഖലകളുടെ മതവൈവിധ്യത്തേയും സംസക്കാരത്തേയും മനസ്സിലാക്കാനും സംഘത്തിനു കഴിയട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു.
Hope they get a chance to speak to the people, local media, doctors and civil society members. The iron curtain between Kashmir & the world needs to be lifted and GOI must be held accountable for pushing J&K into turmoil https://t.co/okZkVUK8Jz
— Mehbooba Mufti (@MehboobaMufti) October 28, 2019
കശ്മീരിലെത്തുന്ന യുറോപ്യന്‍ എംപിമാര്‍ക്ക് പ്രാദേശിക മാധ്യമങ്ങളോടും ഡോക്ടര്‍മാരോടും പൗര സംഘടനാ പ്രതിനിധികളോടും സാധാരണക്കാരായ ജനങ്ങളോടും സംവദിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇതു സംബന്ധിച്ച് വീട്ടു തടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വിറ്ററിലൂടെ പ്രതികരിച്ചു. കശമീരിനും ലോകത്തിനുമിടയില്‍ ഇരുമ്പറ നീക്കി സത്യം പുറത്തുവരട്ടെ എന്നും ജമ്മു കശ്മീരീലെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ടതിന് ഉത്തരവാദി സര്‍ക്കാരാണെന്നും അവര്‍ പ്രതികരിച്ചു. മകള്‍ ഇല്‍തിജയാണ് മെഹ്ബൂബയുടെ ട്വിറ്റര്‍ ഹാന്‍ഡ്ല്‍ കൈകാര്യം ചെയ്യുന്നത്.