Sorry, you need to enable JavaScript to visit this website.

കാമുകിയെ സഹോദരിയാക്കി ആള്‍മാറാട്ടം; ഇന്‍ഡിഗോ ജീവനക്കാരന്‍ ജയിലില്‍

കൊച്ചി- ആധാര്‍ കാര്‍ഡില്‍ കാമുകിയെ സഹോദരിയാക്കി ആള്‍മാറാട്ടം നടത്തിയ വിമാന കമ്പനി ജീവനക്കാരനും യുവതിയും ജയിലില്‍. ഇന്‍ഡിഗോ ജീവനക്കാരനായ ഭുവനേശ്വര്‍ സ്വദേശി രാഗേഷ് (31), കാമുകി ഒഡിഷ സ്വദേശിനി രസ്മിത ബരാല (24) എന്നിവരാണ് ജയിലിലായത്. സൗജന്യ നിരക്കില്‍ വിമാന ടിക്കറ്റ് തരപ്പെടുത്തുന്നതിനാണ് ഇവര്‍ ആള്‍മാറാട്ടവും തട്ടിപ്പും നടത്തിയത്.  

നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇവര്‍ പിടിയിലായത്. വിമാന ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വിമാന യാത്രക്കായി സൗജന്യ നിരക്കില്‍ ടിക്കറ്റ് അനുവദിക്കാറുണ്ട്. ഈ ആനുകൂല്യം ലഭിക്കുന്നതിനായാണ് യുവാവ് സഹോദരിയുടെ ആധാര്‍ കാര്‍ഡില്‍ കൃത്രിമം കാട്ടിയത്. സഹോദരി രാധയുടെ ആധാര്‍ കാര്‍ഡില്‍ രസ്മിതയുടെ ഫോട്ടോ പതിപ്പിച്ച ശേഷം കളര്‍ പ്രിന്റ് എടുക്കുകയായിരുന്നു. ഇതുപയോഗിച്ച് വിമാന ടിക്കറ്റ് തരപ്പെടുത്തി കേരളത്തിലെത്തി.  മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം തിരിച്ച് ഇന്‍ഡിഗോ വിമാനത്തില്‍ ദല്‍ഹിക്ക് മടങ്ങുന്നതിനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇരുവരും സി.ഐ.എസ്.എഫിന്റെ പിടിയിലായത്.

സുരക്ഷാ പരിശോധനയുടെ ഭാഗമായി തിരിച്ചറിയല്‍ രേഖ പരിശോധിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് യുവതിയുടെ പ്രായത്തില്‍ സംശയം തോന്നുകയായിരുന്നു. തിരിച്ചറിയല്‍ രേഖയില്‍ ജനന വര്‍ഷം 1991 എന്നാണ്. എന്നാല്‍, യുവതിക്ക് 28 വയസ്സ് തോന്നിക്കുന്നുമില്ല. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായി.വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ യുവാവിനെ ആലുവ സബ് ജയിലിലേക്കും യുവതിയെ ജില്ലാ ജയിലിലേക്കും റിമാന്‍ഡ് ചെയ്തു.

 

Latest News