അരിസോണ- വിമാനത്തിലെ ടോയ്‌ലെറ്റില്‍ ഒളികാമറ വെച്ച് സ്വകാര്യ ദൃശ്യങ്ങള്‍ കോക്പിറ്റില്‍ ലൈവായി കണ്ട സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ രണ്ടു പൈലറ്റുമാര്‍ക്കെതിരെ കേസ്. സംഭവം നേരിട്ടു കണ്ട എയര്‍ഹോസ്റ്റസാണു ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. 2017ല്‍ പിറ്റ്‌സ്ബര്‍ഗില്‍ നിന്നും ഫീനിക്‌സിലേക്കു പറന്ന വിമാനത്തിലാണ് സംഭവം. ഈ കേസിപ്പോള്‍ ഫെഡറല്‍ കോടതിയുടെ പരിഗണനയിലാണ്. ടോയ്‌ലെറ്റില്‍ ക്യാമറ സ്ഥാപിച്ചിരുന്നില്ലെന്ന് വിമാനക്കമ്പനി കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. സംഭവം പൈലറ്റുമാരുടെ അനുചിതമായ തമാശയാണെന്നായിരുന്നു വിശദീകരണം.
വിമാനജീവനക്കാരിയായ റെനി സ്റ്റെയ്‌നകര്‍ ആണ് പരാതി നല്‍കിയത്. ഇവര്‍ കോക്പിറ്റില്‍ കയറിയപ്പോള്‍ രണ്ടു പൈലറ്റുമാരും ഒരു ഐപാഡില്‍ ടോയ്‌ലെറ്റിനകത്തെ ദൃശ്യങ്ങള്‍ ലൈവായി കാണുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പൈലറ്റായ ക്യാപ്റ്റന്‍ ടെറി ഗ്രഹാം ആണ് തനിക്കു ടോയ്‌ലെറ്റിലേക്കു പോകാന്‍ റെനിയെ കോക്പിറ്റിലേക്കു വിളിച്ചു വരുത്തിയത്. സൗത്ത് വെസ്റ്റ് വിമാന കമ്പനിയുടെ നയം അനുസരിച്ച് കോക്പിറ്റില്‍ എല്ലായ്‌പ്പോഴും രണ്ടു പേര്‍ ഉണ്ടായിരക്കണം. അതുകൊണ്ടാണ് താന്‍ പുറത്തു പോകുമ്പോള്‍ റെനിയെ പൈലറ്റ് വിളിച്ചുവരുത്തിയത്.
കോ പൈലറ്റായ റയാന്‍ റസലും ടോയ്‌ലെറ്റ് ദൃശ്യങ്ങളുടെ ലൈവാണ് ഐപാഡില്‍ കാണുന്നതെന്ന് സമ്മതിച്ചതായും പരാതിക്കാരി പറയുന്നു. എന്നാല്‍ ഈ ക്യാമറകള്‍ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ എല്ലാ ബോയിങ് 737-800 വിമാനങ്ങളിലും അതീവ രഹസ്യ സുരക്ഷാ ക്രമീകരണമായി നിലവിലുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കാന്‍ കോ പൈലറ്റ് ശ്രമിച്ചതായും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. രണ്ടു പൈലറ്റുമാരും ഇപ്പോഴും വിമാനം പറത്തുന്നതായും പരാതിയില്‍ പറയുന്നു. കേസ് കോടതി പരിഗണിച്ചു വരികയാണ്.