തിരുവനന്തപുരം- കാലടി കുളത്തറ ഉമ മന്ദിരത്തിൽ (കൂടത്തിൽ കുടുംബം) ജയമാധവന്റെയും കുടുംബാംഗങ്ങളുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടേയും നാട്ടുകാരുടേയും പരാതി നിലനിൽക്കേ സംഭവത്തിൽ ദുരൂഹതയേറുന്നു. കുടുംബത്തെ സംബന്ധിച്ചും സ്വത്തുക്കളെ സംബന്ധിച്ചുമുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ജയമാധവന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടും ജയമാധവൻ, കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നൽകിയതെന്ന് കരുതപ്പെടുന്ന വിൽപത്രത്തിന്റെ പകർപ്പും ആദ്യം കേസ് അന്വേഷിച്ച ജില്ല ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടതായുള്ള രവീന്ദ്രന്റെ ആരോപണവും പുറത്തു വന്നു.
ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഏറ്റെടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല. ജയമാധവന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പ്രസന്നകുമാരി കൊടുത്ത പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ആരോപണ വിധേയരായ കൂടത്തിൽ കുടുംബത്തിലെ മുൻ കാര്യസ്ഥന്മാരായ രവീന്ദ്രൻ നായർ, സഹദേവൻ എന്നിവരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇനിയും ഇവരെ ചോദ്യം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
കൂടം കുടുംബത്തിലെ മുഴുവൻ സ്വത്ത് വിവരങ്ങളും തിട്ടപ്പെടുത്താനായി റവന്യൂ രജിസ്‌ട്രേഷൻ വിഭാഗങ്ങൾക്ക് അന്വേഷണ സംഘം കത്തു നൽകും. ഇതിന് ശേഷമായിരിക്കും ജയമാധവൻ മരിച്ച ശേഷം സ്വത്തുക്കൾ അവകാശമുന്നയിച്ചവരെക്കുറിച്ചും അവർക്ക് ഈ കുടുംബവുമായി എത്രത്തോളം ബന്ധമുണ്ട് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുകയും മൊഴിയെടുക്കുകയും ചെയ്യുക.
ഇന്നലെ പുറത്തു വന്ന ജയമാധവന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണ കാരണം വ്യക്തമാക്കിയിട്ടില്ല. മരണ കാരണം സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന ഫലം വേണമെന്നാണ് നിഗമനം. പ്രാഥമിക പരിശോധനയിൽ ജയമാധവന്റെ മരണത്തിൽ അസ്വാഭാവികതകളില്ല എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ജയമാധവന്റെ ഇടത് പുരികത്തിന്റെ മുകളിലായി ഒരു പരിക്കുണ്ട്. മുഖത്തും പരിക്കുകളുണ്ട്. പക്ഷേ മരണകാരണം എന്തെന്ന് വ്യക്തമാകാനായി ആന്തരിക അവയവ പരിശോധന റിപ്പോർട്ടുകൾ ലഭിക്കേണ്ടതുണ്ട്. അസ്വാഭാവികമായി ഒന്നും തന്നെ ശരീരത്തിന് അകത്തോ പുറത്തോ കാണുന്നില്ല. അതുകൊണ്ട് തന്നെ ആന്തരിക അവയവ പരിശോധനയിൽ മാത്രമേ എന്തെങ്കിലും അസുഖത്തെ തുടർന്നാണോ മരണമെന്ന കാര്യത്തിൽ വ്യക്തത വരൂ.
അസ്വാഭാവിക മരണം നടന്ന് ഇത്രയും നാൾ കഴിഞ്ഞിട്ടും ആന്തരിക അവയവ പരിശോധന റിപ്പോർട്ട് കരമന പോലീസ് വാങ്ങിയിട്ടില്ല. ഇത് പോലീസിന്റെ വീഴ്ചയാണ്. റിപ്പോർട്ട് ഉടൻ നൽകാൻ അന്വേഷണ സംഘം ഫോറൻസിക് സംഘത്തിന് ഉടൻ കത്ത് നൽകും. റിപ്പോർട്ട് വന്ന ശേഷം മാത്രമേ മരണത്തിൽ ഏതെങ്കിലും തരത്തിലുള്ള ദുരൂഹത ഉണ്ടോ എന്നതിനെക്കുറിച്ച് വ്യക്തത വരൂ.
ജയമാധവൻ നായർ മരിക്കുന്നതിന് മുമ്പ് തയാറാക്കിയതായി കരുതുന്ന വിൽപത്രം ഇന്നലെ പുറത്തു വന്നെങ്കിലും വിൽപത്രത്തിലെ ദുരൂഹത നീങ്ങുന്നില്ല. സ്വത്തുക്കൾ കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ പേരിലേക്ക് വക മാറ്റിയതായാണ് വിൽപത്രത്തിൽ പറയുന്നത്.
2016 ഫെബ്രുവരി 15 നാണ് വിൽപത്രം തയാറാക്കിയിരിക്കുന്നത്. അവിവാഹിതനായ താൻ ക്ഷീണിച്ചുവരികയാണെന്നും സ്വത്തുക്കൾ തന്നെ സംരക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന രവീന്ദ്രൻ നായർക്കാണെന്നും ജയമാധവൻ നായർ തയാറാക്കിയതായി കരുതുന്ന വിൽപത്രത്തിൽ പറയുന്നു. കുടുംബ വീടായ ഉമ മന്ദിരം സ്ഥിതി ചെയ്യുന്ന 80 സെന്റ് സ്ഥലത്തിൽ 33.5 സെന്റും മണക്കാട് വില്ലേജിൽ 33 സെന്റ് സ്ഥലവും ഇത് കൂടാതെ 36 സെന്റ് സ്ഥലവുമാണ് രവീന്ദ്രൻ നായർക്ക് എഴുതി നൽകിയിരിക്കുന്നത്.
പോക്കുവരവ് ചെയ്യുന്നതിനും ക്രയവിക്രയം നടത്തുന്നതിനും രവീന്ദ്രൻ നായർക്ക് അനുമതി നൽകുന്നുണ്ട്. മരണ ശേഷം വിൽപത്രത്തിൽ ഉൾപ്പെടുത്താൻ വിട്ടുപോയ വസ്തുക്കളോ ബാങ്ക് നിക്ഷേപങ്ങളോ ഉണ്ടെങ്കിൽ അതും രവീന്ദ്രൻ നായർക്കാണെന്നും വിൽപത്രത്തിൽ പറയുന്നു. വിൽപത്രത്തിൽ പറഞ്ഞിരിക്കുന്ന ഇക്കാര്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് വീണ്ടും സംശയം ഉളവാക്കുന്നത്. മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പരാതി നൽകിയ ബന്ധു പ്രസന്നകുമാരി ജയമാധവൻ മാനസിക രോഗിയാണെന്നും ആരോപിച്ചിരുന്നു.
പരാതിയിൽ പറയും പോലെ ജയമാധവൻ മാനസിക രോഗിയായിരുന്നെങ്കിൽ കൃത്യമായി വസ്തുക്കൾ എങ്ങനെ വിൽപത്രത്തിൽ ഉൾപ്പെടുത്തിയെന്നതും ഉദ്യോഗസ്ഥരെ വലയ്ക്കുന്നു. വിൽപത്രത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. ക്രൈം ബ്രാഞ്ച് നേരത്തെ തന്നെ ഈ വിൽപത്രത്തെ സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും വ്യാജമാമെന്ന സംശയവും ഉന്നയിച്ചിരുന്നു.
വീട്ടുജോലിക്കാരിയായിരുന്ന ലീലയാണ് വിൽപത്രത്തിൽ ആദ്യത്തെ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത്. രവീന്ദ്രൻ നായർ വ്യാജ വിൽപത്രം തയാറാക്കിയതാണെന്നാണ് നാട്ടുകാരുടെ പ്രതികരണം. സ്വത്തുക്കൾ കാര്യസ്ഥനായ രവീന്ദ്രൻ നായർക്ക് എഴുതിവെയ്ക്കാൻ ഒരു സാഹചര്യവും ഇല്ലെന്നാണ് കൂടത്തിൽ കുടുംബത്തിലെ ബന്ധുവായ ആനന്ദവല്ലി പറയുന്നത്. ജയമാധവന്റെ അച്ഛന്റെ അനന്തരവളാണ് ആനന്ദവല്ലി.
മരണാനന്തര ചെലവ് വഹിക്കണമെന്ന കാര്യവും ജയമാധവൻ വിൽപത്രത്തിൽ കൂട്ടിച്ചേർത്തിരുന്നു. കാലശേഷം മാത്രം വിൽപത്രത്തിന് നിയമസാധുത എന്ന വ്യവസ്ഥയിലാണ് വിൽപത്രം തയാറാക്കിയിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ ജയമാധവൻ നായർക്ക് വിൽപത്രം ഭേദഗതി ചെയ്യാമെന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. വിൽപത്രം തയാറാക്കി ഒരു വർഷം പിന്നിട്ട് 2017 ഏപ്രിൽ രണ്ടിനാണ് ജയമാധവൻ മരിക്കുന്നത്.