ശ്രീനഗര്‍- പ്രത്യേക പദവി എടുത്തുമാറ്റി ജമ്മു കശ്മീരിനെ വിഭജിച്ച ശേഷം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ കാരണം മൂന്ന് മാസത്തിനിടെ പതിനായിരം കോടി രൂപയുടെ വ്യാപാര നഷ്ടം സംഭവിച്ചതായി വ്യാപാരികളുടെ സംഘടന. കശ്മീരിലെ സാഹചര്യങ്ങള്‍ ഇപ്പോഴും സാധാരണ നിലയില്‍ തിരിച്ചെത്തിയിട്ടില്ല എന്നതിനാല്‍ നഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്താന്‍ ബുദ്ധിമുട്ടാണെന്നും കശ്മീര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ശൈഖ് ആഷിഖ് പറഞ്ഞു. എല്ലാ ബിസിനസുകളേയും ഇതു ഗുരുതരമായി ബാധിച്ചു. നിലവിലെ സാഹചര്യങ്ങള്‍ കാരണം ബിസിനസ് നടത്തിപ്പിന് ആരും മുന്നോട്ടു വരുന്നില്ല. ഈയിടെയായി ചില ബിസിനസുകള്‍ സജീവമായി വരുന്നുണ്ട്. എങ്കിലും വളരെ മോശമാണ് അവസ്ഥയെന്നാണ് അനുഭവമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ കാലത്ത് ഏതൊരു ബിസിനസിന്റേയും അടിസ്ഥാന ആവശ്യമാണ് ഇന്റര്‍നെറ്റ് ലഭ്യത. അതു ലഭിക്കുന്നില്ല. ഇക്കാര്യം അധികാരികളെ അറിയിച്ചിരുന്നു. കശ്മീരീലെ വ്യവസായങ്ങളേയും സമ്പദ് വ്യവസ്ഥയേയും ഇതു പ്രതികൂലമായി ബാധിക്കും. ദീര്‍ഘ കാലത്തേക്ക് വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഇത്- ആഷിഖ് പറഞ്ഞു.
ഇന്റര്‍നെറ്റ് ലഭ്യത മുടക്കിയതോടെ യുഎസിലേക്കും യുറോപ്പിലേക്കും സേവനങ്ങള്‍ നല്‍കുന്ന കശ്മീരിലെ ഐടി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണ്. കശ്മീരില്‍ വളര്‍ച്ചയുള്ള വ്യവസായമേഖലയാണ് ഐടി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരകൗശല വസ്തുക്കളുടെ നിര്‍മ്മാണവും വില്‍പ്പനയുമാണ് സാരമായി ബാധിച്ച മറ്റൊരു മേഖല. ക്രിസ്മസും പുതുവത്സരവും ഈ മേഖലയുടെ കൊയ്ത്തുകാലമാണ്. ഇന്റര്‍നെറ്റ് ഇല്ലാത്തതിനാല്‍ നേരത്തെ വരുന്ന ഓര്‍ഡറുകള്‍ സ്വീകരിക്കാനാവില്ല. അതു സമയത്തിനു വിതരണം ചെയ്യാനും കഴിയില്ല. ഇന്റര്‍നെറ്റില്ലാത്തതിനാല്‍ ഓര്‍ഡറുകളൊന്നും വരുന്നില്ല. ഇതോടെ കരകൗശല വസ്തു നിര്‍മാതാക്കളും നെയ്ത്തുകാരും ഉള്‍പ്പെടെ അര ലക്ഷത്തോളം പേരുടെ ജോലി നഷ്ടമാകും- ചേംബര്‍ ഓഫ് കൊമേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. ഈ നഷ്ടത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വ്യാപാരികളുടെ നഷ്ടം തടയാന്‍ നടപടി കൈകൊള്ളണമെന്നും ചേംബര്‍ ആവശ്യപ്പെട്ടു.