ന്യൂദല്‍ഹി-രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നിരസിച്ചുകൊണ്ടുള്ള അസം കാബിനറ്റ് തീരുമാനത്തിനെതിരെ വിമര്‍ശനമുന്നയിച്ച് രാജ്യസഭാ എംപിയും അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മേധാവിയുമായ രിപുന്‍ ബോറ. ഒരു ജനാധിപത്യ രാജ്യത്ത് ആര്‍ക്കും രണ്ട് കുട്ടികളുടെ നയം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് രിപുന്‍ ബോറ പറഞ്ഞു. വിദ്യാഭ്യാസം വിപുലമായ രീതിയില്‍ വികസിപ്പിക്കുകയും അവബോധം വ്യാപിപ്പിക്കുകയും ചെയ്യുന്നതിലൂടെ എല്ലാവരും രണ്ട് കുട്ടികളുടെ നയത്തെ സ്വമേധയാ സ്വീകരിക്കുന്നു. അത് ആളുകളില്‍ അടിച്ചേല്‍പ്പിക്കുന്നത് ഫലപ്രദമാകില്ല' രിപുന്‍ ബോറ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. നമ്മുടേത് ഒരു മതേതര രാജ്യമാണ്, നമ്മുടെ ഭരണഘടന മതേതരത്വത്തില്‍ വിശ്വസിക്കുന്നു. അതിനാല്‍ എല്ലാ വിഭാഗങ്ങളുടെയും മതവികാരങ്ങളെ നാം മാനിക്കണമെന്നും രിപുന്‍ ബോറ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്ചയാണ് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് 2021 മുതല്‍ സര്‍ക്കാര്‍ ജോലി നല്‍കേണ്ടെന്ന് അസം മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന്റെ പബ്ലിക് റിലേഷന്‍ സെല്‍ ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.