മുംബൈ- കരുതല്‍ സ്വര്‍ണ ശേഖരത്തില്‍ നിന്നും 1.15 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണം വിറ്റെന്ന വാര്‍ത്ത റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിഷേധിച്ചു. ചില മാധ്യമങ്ങളില്‍ വന്ന ഈ വാര്‍ത്തകള്‍ ശരിയല്ലെന്നും സ്വര്‍ണം വില്‍ക്കുയോ വ്യാപാരം നടത്തുകയോ ചെയ്തിട്ടില്ലെന്നും റിസര്‍വ് ബാങ്ക് ട്വീറ്റിലൂടെ വ്യക്തമാക്കി. പ്രതിവാര റിപോര്‍ട്ടില്‍ കാണിച്ചിട്ടുള്ള കണക്കുകളിലുള്ള ഏറ്റക്കുറച്ചിലുകള്‍ കണക്കെടുപ്പ് കാലാവധിയിലുള്ള മാറ്റത്തെ തുടര്‍ന്നാണെന്നും പ്രതിമാസം കണക്കുകള്‍ പ്രതിവാരമായി അവതരിപ്പിച്ചതാണെന്നും റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. സ്വര്‍ണത്തിന്റെ രാജ്യാന്തര വിലയേയും വിനിമയ നിരക്കിനേയും അടിസ്ഥാനമാക്കിയുള്ള ഏറ്റക്കുറിച്ചിലുകളാണിതെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
The fluctuation in value depicted in Weekly Statistical Supplement (WSS) is due to change in frequency of revaluation from monthly to weekly basis and is based on international prices of gold and exchange rates. (2/2)
— ReserveBankOfIndia (@RBI) October 27, 2019
ഒക്ടോബര്‍ 18 വരെയുള്ള കരുതല്‍ സ്വര്‍ണ ശേഖരത്തിന്റെ മൂല്യം 1,91,215 കോടി രൂപയാണെന്ന് ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിച്ച വീക്ക്‌ലി സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റ് റിപോര്‍ട്ടില്‍ റിസര്‍വ് ബാങ്ക് പറയുന്നു. ഒക്ടോബര്‍ 11ന് അവസാനിച്ച ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതില്‍ 0.49 ശതമാനം (938 കോടി)യുടെ വര്‍ധന ഉണ്ടായിട്ടുണ്ട്.
എന്നാല്‍ 5.1 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണം വാങ്ങിയ റിസര്‍വ് ബാങ്ക് 1.15 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണം വിറ്റെന്നും വീക്ക്‌ലി സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റ് റിപോര്‍ട്ടിലുണ്ടെന്നായിരുന്നു വിവിധ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.
ബാലന്‍സ് ഷീറ്റും വിദേസ വിനിമയ കരുതല്‍ശേഖരവും (സ്വര്‍ണം അടക്കം) സംബന്ധിച്ച വിവരങ്ങള്‍ ആഴ്ചതോറും റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ 18ന് പ്രസിദ്ധീകരിച്ച പ്രതിവാര റിപോര്‍ട്ട് പ്രകാരം ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരത്തില്‍ 13,185 കോടി രൂപയുടെ വര്‍ധന ഉയര്‍ന്നിട്ടുണ്ട്. മുന്‍ ആഴ്ച 439.712 ബില്യണ്‍ ഡോളറായിരുന്നത് ഇപ്പോള്‍ 440.751 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരിക്കുന്നു.