ന്യൂദൽഹി- ഹരിയാനയിൽ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിയിൽ ജയിലിൽ കഴിയുന്ന അജയ് ചൗത്താല പരോളിൽ പുറത്തിറങ്ങി. തിഹാർ ജയിലിൽ പത്തുവർഷത്തെ ജയിൽ ശിക്ഷക്ക് വിധിക്കപ്പെട്ട അജയ് ചൗത്താല ഇന്ന് തന്റെ മകൻ കൂടിയായ ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗത്താല ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നതിന് സാക്ഷിയാകാനാണ് ജയിലിൽനിന്നിറങ്ങുന്നത്. ഹരിയാനയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത ബി.ജെ.പി ദുഷ്യന്ത് ചൗത്താലയുടെ ജെ.ജെ.പിയുമായി ചേർന്നാണ് അധികാരം നിലനിർത്തുന്നത്. ജെ.ജെ.പി പിന്തുണ ഉറപ്പാക്കിയ ഉടൻ അജയ് ചൗത്താലക്ക് പരോൾ അനുവദിച്ചും ഉത്തരവായിരുന്നു.
മാറ്റങ്ങളുടെ ഈ സമയത്ത് പിതാവിന്റെ മോചനം തനിക്ക് ഏറെ സന്തോഷം നൽകുന്നുവെന്നും അദ്ദേഹം എന്നും തന്റെ കരുത്തായിരിക്കുമെന്നും ദുഷ്യന്ത് ചൗത്താല പറഞ്ഞു.
ഉപമുഖ്യന്ത്രി സ്ഥാനത്തേക്ക് എത്തിയതോടെ ഹരിയാനയിൽ ദുഷ്യന്ത് ചൗത്താലയുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. നേരത്തേ ദുഷ്യന്ത് ചൗത്താലയുടെ മാതാവ് നൈന ഉപമുഖ്യമന്ത്രിയാകുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാൽ, ദുഷ്യന്ത് ചൗത്താല തന്നെ ഉപമുഖ്യമന്ത്രി എന്ന് ബിജെപി നേതൃത്വം വ്യക്തമാക്കുകയായിരുന്നു. ചൗത്താലയുടെ വസതിയിലും ഹരിയാനയിലെ സിർസ, ഹിസാർ നഗരങ്ങളിലും ഇദ്ദേഹത്തിന്റെ സുരക്ഷ ഇരട്ടിയാക്കി വർധിപ്പിച്ചിട്ടുണ്ട്.
ബിജെപി നിമയസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഗവർണറുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദുഷ്യന്ത് ചൗത്താലയാണ് ഉപമുഖ്യന്ത്രിയെന്ന് ഖട്ടർ പ്രഖ്യാപിച്ചത്. 90 അംഗ ഹരിയാന നിയമസഭയിൽ 40 സീറ്റുകൾ ലഭിച്ച ബിജെപി, ദുഷ്യന്ത് ചൗത്താലയുടെ ജെജെപിയുടെ പത്തു സീറ്റുകൾ കൂടി സഖ്യനീക്കത്തിലൂടെ തങ്ങൾക്കൊപ്പം ചേർത്താണ് ഭരണം പിടിച്ചെടുത്തത്. ജെജെപിയുടെയും ഏഴ് സ്വതന്ത്രരുടെയും പിന്തുണയോടെ ബിജെപി ഹരിയാനയിൽ സുസ്ഥിര ഭരണം നടത്തുമെന്ന് ഖട്ടറോടൊപ്പം ഗവർണറെ കാണാൻ രാജ്ഭവനിലെത്തിയ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. എയർഹോസ്റ്റസിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിൽ ഉൾപ്പെട്ട ഗോപാൽ കന്ദയുടെ പിന്തുണ ബിജെപി സ്വീകരിക്കില്ലെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.
നിലവിൽ സഖ്യകക്ഷികൾ ഉൾപ്പടെ 90 അംഗ നിയമസഭയിൽ ഭരണപക്ഷത്തിന് 57 സീറ്റുകളാണുള്ളത്. ഒരു സുസ്ഥിര സർക്കാരുണ്ടാക്കുന്നതിനായാണ് ഹരിയാനയിൽ ബിജെപി, ജെജെപിയുമായി ചേർന്നതെന്ന് മനോഹർ ലാൽ ഖട്ടറും പറഞ്ഞു. ഹരിയാനയുടെ നിലനിൽപ്പിന് ഈ സഖ്യം അനിവാര്യമാണെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗത്താലയും പറഞ്ഞു. ഹരിയാനയ്ക്ക് ഇപ്പോൾ വലിയ മാറ്റങ്ങൾ ആവശ്യമാണ്. സംസ്ഥാനത്തെ വികസന പാതയിൽ നയിക്കാൻ ബിജെപിയും ജെജെപിയും ഒരുമിച്ചു നിൽക്കുമെന്നും ചൗത്താല വ്യക്തമാക്കി.