വാഷിങ്ടണ്‍- സിറിയയിലെ ഇദ്‌ലിബ് മേഖലയില്‍ യുഎസ് സൈന്യം ആക്രമണം നടത്തിയ വേളയില്‍ ഐഎസ് തലവന്‍ അബു ബക്ര്‍ അല്‍ ബഗ്ദാദി ആത്മഹത്യ ചെയ്തിരിക്കാമെന്ന് യുഎസിലെ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ശരീരത്തില്‍ ഒളിപ്പിച്ച ആത്മഹത്യാ ബോംബ് സ്വയം പൊട്ടിച്ചാണ് മരിച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സിഎന്‍എന്‍ റിപോര്‍ട്ടില്‍ പറയുന്നു.
ഞായറാഴ്ച രാവിലെ പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് ഒരു സുപ്രധാന പ്രസ്തനാവന നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണീ റിപോര്‍ട്ടുകള്‍. ബഗ്ദാദിയെ ഉന്നമിട്ടുള്ള രഹസ്യ ഓപറേഷന് ട്രംപ് അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രത്യേക ഓപറേഷനു വേണ്ടി യുഎസ് സേനാ സംഘം സിറിയയിലെത്തിയത്. ഇതു മണത്തറിഞ്ഞ ബഗ്ദാദി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് വിവിധ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ പറയുന്നു. ബഗ്ദാദി കൊല്ലപ്പെട്ടതായി നേരത്തേയും പലതവണ റിപോര്‍ട്ടുകള്‍ വന്നിരുന്നു.
യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ബയോമെട്രിക് പരിശോധനകള്‍ നടന്നു വരികയാണെന്ന് എബിസി ന്യൂസ് റിപോര്‍ട്ടില്‍ പറയുന്നു. 48കാരനായ ബഗ്ദാദി 2014ല്‍ ആണ് ഇറാഖിലും സിറിയയിലുമായി വലിയൊരു ഭൂപ്രദേശം തന്റെ ഭീകര സംഘടനയായ ഐഎസിന്റെ നിയന്ത്രണത്തിലാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്. തുടര്‍ന്ന് സാധാരണക്കാരേയും വിദേശികളേയും അടക്കം നിരവധി പേരെ ഐഎസ് ഭീകരര്‍ കൊലപ്പെടുത്തുകയും നാടുകടത്തുകയും ചെയ്തിരുന്നു. യുഎസ് നേതൃത്വത്തിലുള്ള സഖ്യ സൈന്യും മേഖലയില്‍ ആക്രമണം നടത്തിയാണ് ഐഎസിനെ തുരത്തിയത്. ഇതോടെയാണ് ബഗ്ദാദി ഒളിവില്‍ പോയത്.