റിയാദ്- സ്വദേശികളും വിദേശികളും അടക്കമുള്ള എല്ലാ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഓൺലൈൻ വഴി മാറ്റാൻ അവസരമൊരുക്കുന്ന പുതിയ സേവനം വൈകാതെ നിലവിൽ വരുമെന്ന് ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. വാഹന ഉടമസ്ഥാവകാശം മാറ്റാൻ സാധിക്കുന്ന സേവനം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിറിൽ പുതുതായി ഉൾപ്പെടുത്തും. കാലാവധിയുള്ള തിരിച്ചറിയൽ കാർഡും വാഹന ഉടമസ്ഥാവകാശ രേഖയും (ഇസ്തിമാറ) കൈവശമുള്ളവർക്ക് അബ്ശിർ വഴി എളുപ്പത്തിലും സുരക്ഷിതമായും ഉടമസ്ഥാവകാശം മാറ്റാൻ സാധിക്കും. ഇതോടെ വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിന് കാർ ഷോറൂമുകളെ സമീപിക്കേണ്ട ആവശ്യം ഇല്ലാതാകും.
വ്യാപാര ആവശ്യങ്ങൾക്കുള്ള വാഹനങ്ങളുടെയും കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെയും ഉടമസ്ഥാവകാശം ഓൺലൈൻ വഴി മാറ്റാൻ കഴിയില്ല. ഇതിന് തുടർന്നും വാഹന ഷോറൂമുകളെ സമീപിക്കേണ്ടി വരും.
ഇൻഷുറൻസ് കാലാവധി അന്വേഷണം, നമ്പർ പ്ലേറ്റ് മാറ്റൽ അടക്കം വാഹനങ്ങളുമായി ബന്ധപ്പെട്ട ഏതാനും സേവനങ്ങൾ അബ്ശിർ വഴി നിലവിൽ നൽകുന്നുണ്ട്. നമ്പർ പ്ലേറ്റ് മാറ്റൽ സേവനത്തിനുള്ള നടപടികൾ ഓൺലൈൻ വഴി പൂർത്തിയാക്കുന്നതിന് വാഹന പരിശോധനക്കും (മോട്ടോർ വെഹിക്കിൾ പിരിയോഡിക്കൽ ഇൻസ്‌പെക്ഷൻ) ഇസ്തിമാറക്കും കാലാവധിയുണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ വാഹന ഉടമയുടെ പേരിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തപ്പെട്ട പിഴ കുടിശ്ശികയാവാനും പാടില്ല.
ബിസിനസ് വിസിറ്റ് വിസ ദീർഘിപ്പിക്കൽ, പ്രൊബേഷൻ കാലത്ത് വിദേശികൾക്ക് ഫൈനൽ എക്‌സിറ്റ് നൽകൽ, ജവാസാത്ത് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ആഭ്യന്തര നടപടിക്രമങ്ങൾ, സാമ്പത്തിക ബാധ്യതകളുടെ പേരിൽ ജയിലുകളിൽ കഴിയുന്നവരെ ബാധ്യതകൾ തീർത്ത് ജയിൽ മോചിതരാക്കുന്നതിൽ പൊതുസമൂഹത്തിന്റെ പങ്കാളിത്തം പ്രയോജനപ്പെടുത്തുന്ന സേവനം അടക്കം ഏതാനും പുതിയ സേവനങ്ങൾ സമീപ കാലത്ത് അബ്ശിറിൽ ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയിട്ടുണ്ട്.