ഗുവാഹതി- കളി തീരാൻ ഏഴ് മിനിറ്റ് ബാക്കിയുള്ളപ്പോൾ അസമോവ ഗ്യാനിന്റെ ഗോളുമായി നോർത്ത് ഈസ്റ്റ് യുനൈറ്റഡിന് മിന്നും ജയം. ഐ.എസ്.എല്ലിലെ കന്നിക്കാരായ ഒഡീഷയെ 2-1 ന് തോൽപിച്ച നോർത്ത് ഈസ്റ്റ്, ഈ സീസണിലെ ആദ്യ വിജയം കുറിച്ചു. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരുവിനെ അവർ സമനിലയിൽ തളച്ചിരുന്നു. ഒഡീഷയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.
രണ്ടാം മിനിറ്റിൽ തന്നെ ലീഡ് നേടിയ നോർത്ത് ഈസ്റ്റ് ആദ്യ പകതി അവസാനിക്കുമ്പോൾ 1-0 ന് മുന്നിലായിരുന്നു. മിഡ്ഫീൽഡർ റെഡീം സിംഗാണ് ആതിഥേയരുടെ ആദ്യ ഗോൾ നേടുന്നത്. മൈതാന മധ്യത്ത് മാർക്ക് ചെയ്യപ്പെടാതെ നിൽക്കുകയായിരുന്ന റെഡീം, തനിക്ക് കിട്ടിയ പാസുമായി നാല് ഡിഫൻഡർമാരെ വെട്ടിച്ച് മുന്നേറുകയും ലക്ഷ്യം കാണുകയുമായിരുന്നു.
ഒഡീഷ സമനില ഗോൾ നേടുന്നത് എഴുപതാം മിനിറ്റിലാണ്. വലതു വിംഗിൽനിന്ന് ഡിയാഗ്നെ നൽകിയ ക്രോസ് സിസ്‌കോ അനായാസം വലയിലെത്തിച്ചു. എന്നാൽ രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ഡിഫൻഡർ കാർലോസ് ഡെൽഗാഡോ ചുവപ്പു കാർഡ് കണ്ട് പുറത്തുപോയത് ഒഡീഷക്ക് കനത്ത തിരിച്ചടിയായി. അതവരുടെ പ്രതിരോധത്തെ ശരിക്കും ഉലയ്ക്കുകയും ചെയ്തു. ഈ ദൗർബല്യമാണ് രണ്ടാം ഗോൾ വീഴാനുള്ള കാരണം. 83-ാം മിനിറ്റിൽ കോർണർ മാർക്ക് ചെയ്യപ്പെടാതെ നിന്ന ഗ്യാൻ കൃത്യമായി ഹെഡ് ചെയ്ത് വലയിലെത്തിച്ചു.