ബംഗളൂരു- നീതിക്കായി അവസാനംവരെ പോരാടുമെന്നും അവര്‍ എന്നെ കൂടുതല്‍ ശക്തനാക്കിയിരിക്കയാണെന്നും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദല്‍ഹി ഹൈക്കോടതിയില്‍നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍.
'അവര്‍ എന്നെ ശക്തരാക്കി. ദുര്‍ബലനാകുന്ന പ്രശ്‌നമില്ല. കീഴടങ്ങുകയുമില്ല. നീതിക്കായി പോരാടും. ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ എന്നെ തൂക്കിക്കൊല്ലട്ടെ. ദൈവവും നിയമവും എന്നെ ശിക്ഷിക്കട്ടെ- ശിവകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശിവകുമാറിന് ജാമ്യം നല്‍കിയതിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീംകോടതിയെ സമീപിച്ചിരിക്കയാണ്.
എന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍.. ഒരു കാര്യം വളരെ വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ... ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. എല്ലാം പൊതുജനങ്ങള്‍ക്കു മുന്നിലാണ്- ശിവകുമാര്‍ പറഞ്ഞു.
ആളുകള്‍ ഇപ്പോള്‍ എനിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണക്ക് പകരം അവര്‍ക്ക് എന്തു തിരികെ നല്‍കാനാകുമെന്നതാണ് തന്റെ ആശങ്കയെന്ന് അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, അഹമ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ എന്നിവര്‍ ജയിലില്‍ തന്നെ സന്ദര്‍ശിച്ചതായി അദ്ദേഹം പറഞ്ഞു.
ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് 23 ന് തിഹാര്‍ ജയിലില്‍ നിന്ന് മോചിതനായ ശിവകുമാറിന് രാവിലെ ബംഗളൂരു എയര്‍പോര്‍ട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉജ്വല സ്വീകരണം നല്‍കിയിരുന്നു.