റിയാദ് - സൗദിയിലെ വിവിധ സർവകലാശാലകളിൽനിന്നുള്ള മുതിർന്ന പ്രതിനിധികൾ ഉൾപ്പെട്ട സംഘം ഇന്ത്യൻ യൂനിവേഴ്‌സിറ്റികളിൽ സന്ദർശനം നടത്തി. ഇമാം മുഹമ്മദ് ബിൻ സൗദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡയറക്ടർ ഡോ. അഹ്മദ് ബിൻ സാലിം അൽആമിരി, മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അൽഅബ്ദലി, മക്ക ഉമ്മുൽഖുറാ യൂനിവേഴ്‌സിറ്റി അണ്ടർ സെക്രട്ടറി ഡോ. ഫരീദ് ബിൻ അലി അൽഗാംദി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വൈജ്ഞാനിക, ഗവേഷണ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യുന്നതിന് ഇന്ത്യൻ സർവകലാശാലകൾ സന്ദർശിച്ചത്.
ബനാറസ് സലഫി യൂനിവേഴ്‌സിറ്റിയാണ് സൗദി സംഘം ആദ്യം സന്ദർശിച്ചത്. ബനാറസ് യൂനിവേഴ്‌സിറ്റി അധ്യാപകരുമായും വിദ്യാർഥികളുമായും കൂടിക്കാഴ്ച നടത്തിയ സൗദി സംഘം ഇന്ത്യയിലെങ്ങുമുള്ള മുസ്‌ലിം ജനവിഭാഗങ്ങൾക്ക് ഗുണകരമാകുന്ന നിലയിൽ ബനാറസ് യൂനിവേഴ്‌സിറ്റിയുടെ പ്രവർത്തന നിലവാരം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ സൗദി സർവകലാശാലകളുമായി സഹകരിക്കുന്നതിനെക്കുറിച്ച് വിശകലനം ചെയ്തു.
കിംഗ് അബ്ദുല്ല ആശുപത്രി ഉൾപ്പെട്ട ന്യൂദൽഹി ഹംദർദ് യൂനിവേഴ്‌സിറ്റിയും സൗദി സംഘം സന്ദർശിച്ചു. വിദ്യാഭ്യാസ, ഗവേഷണ, സാംസ്‌കാരിക മേഖലകളിൽ ഇമാം മുഹമ്മദ് ബിൻ സൗദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും ഹംദർദ് യൂനിവേഴ്‌സിറ്റിയും തമ്മിൽ നേരത്തെ ഒപ്പുവെച്ച സഹകരണ കരാറുകൾ കാര്യക്ഷമമായി പ്രാവർത്തികമാക്കുന്നതിനെക്കുറിച്ച് ഹംദർദ് സർവകലാശാലാ അധികൃതരുമായി സൗദി സംഘം ചർച്ച ചെയ്തു. ഹംദർദ് യൂനിവേഴ്‌സിറ്റിയിൽ സംഘടിപ്പിച്ച സഹവർത്തിത്വ, സഹിഷ്ണുത സമ്മേളനത്തിൽ സൗദി സംഘം സംബന്ധിക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. സഹവർത്തിത്വവും സഹിഷ്ണുതയും ആഹ്വാനം ചെയ്യുന്ന ഇസ്‌ലാമിക സന്ദേശവും രാഷ്ട്ര നിർമാണത്തിനും സമാധാനവും സുരക്ഷാ ഭദ്രതയുമുണ്ടാക്കുന്നതിനും പരസ്പര വിശ്വാസവും സ്‌നേഹവും ഉണ്ടാക്കുന്നതിനും വിഭാഗീയത നിരാകരിക്കുന്നതിനും തീവ്രവാദവും ഭീകരവാദവും ചെറുക്കുന്നതിനും ലോക സമൂഹവുമായി സമാധാനം സ്ഥാപിക്കുന്നതിനും സൗദി അറേബ്യ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് സൗദി യൂനിവേഴ്‌സിറ്റി പ്രതിനിധികൾ വിശദീകരിച്ചു.
സൗദി, ഇന്ത്യൻ യൂനിവേഴ്‌സിറ്റികൾ തമ്മിൽ സഹകരണം ശക്തമാക്കുന്നതിന് സൗദി അറേബ്യ ആഗ്രഹിക്കുന്നതായി ഇമാം മുഹമ്മദ് ബിൻ സൗദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡയറക്ടർ ഡോ. അഹ്മദ് ബിൻ സാലിം അൽആമിരി പറഞ്ഞു. ഇമാം മുഹമ്മദ് ബിൻ സൗദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, ബനാറസ് സലഫി യൂനിവേഴ്‌സിറ്റി, ന്യൂദൽഹി ഹംദർദ് യൂനിവേഴ്‌സിറ്റി എന്നിവ തമ്മിൽ ഗവേഷണം, സ്‌കോളർഷിപ്പ്, വിജ്ഞാന കൈമാറ്റം എന്നീ മേഖലകളിൽ സഹകരിക്കുന്നതിനുള്ള ഏതാനും ധാരണാപത്രങ്ങളും സൗദി സംഘത്തിന്റെ സന്ദർശനത്തിനിടെ ഒപ്പുവെച്ചു.