അലിഗഢ്- വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് പ്രതികാരമായി 19കാരിയായ പെണ്‍കുട്ടി കാമുകനു നേരെ ആസിഡൊഴിച്ചു. ഉത്തര്‍ പ്രദേശിലെ അലിഗഢില്‍ ജീവന്‍ഗഢ് സ്വദേശിയായ യുവാവാണ് വ്യാഴാഴ്ച രാത്രി വീടിനു സമീപത്തു വച്ച് പെണ്‍കുട്ടിയുടെ ആസിഡ് ആക്രമണത്തിന് ഇരയായത്. പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ വിവിധ ഐപിസി വകുപ്പുചുമത്തിയാണ് പ്രതിയായ കൗമാരിക്കാരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മാരകമായി പരിക്കേറ്റ യുവാവ് ഇപ്പോല്‍ അലിഗഢ് സര്‍വകലാശാലയുടെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. ഒരു കണ്ണിന് ആസിഡ് തട്ടി സാരമായി പരിക്കുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രണയത്തിലായിരുന്നു ഇരുവരും ഒരു മാസം മുമ്പ് വേര്‍പിരിഞ്ഞിരുന്നതായി യുവാവിന്റെ ബന്ധുക്കള്‍ പറഞ്ഞു. വിവാഹത്തിനായി പെണ്‍കുട്ടി യുവാവിനെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. തന്നെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് എല്ലാ ദിവസം പെണ്‍കുട്ടി യുവാവിനെ വിളിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ യുവാവ് ഇത് നിരസിക്കുകയായിരുന്നു.
അതിനിടെ യുവാവാണ് വിവാഹത്തിന് നിര്‍ബന്ധിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. വിവാഹഭ്യര്‍ത്ഥന ലംഘിച്ചാല്‍ ഒരുമിച്ചുള്ള രഹസ്യ ചിത്രങ്ങള്‍ വൈറലാക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി ആരോപിച്ചു.