മുംബൈ- മഹാരാഷ്ട്രയിൽ 288 അംഗ നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 166 സീറ്റുകളുമായി അധികാരമുറപ്പിച്ച ബിജെപി-ശിവ സേന സഖ്യത്തില്‍ അധികാരം പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു. ഇതുകാരണം സര്‍ക്കാര്‍ രൂപീകരണം വൈകുകയാണ്. ബിജെപിക്ക് 105 സീറ്റും ശിവസേനയ്ക്ക് 56 സീറ്റുമാണ് ലഭിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായി ഉണ്ടാക്കിയ ഫിഫ്റ്റി ഫിഫ്റ്റി കരാര്‍ മാനിക്കണമെന്നാവശ്യപ്പെട്ട് ശിവ സേന നേതാവ് ഉദ്ധത് താക്കറെ രംഗത്തെത്തിയതാണ് ബിജെപിക്ക് തലവേദനയായത്. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി പദവി പങ്കുവെയ്ക്കാമെന്നാണ് നേരത്തെ ഉണ്ടാക്കിയ ധാരണ. ശിവ സേന ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. അതേസമയം തര്‍ക്കങ്ങളെ ബിജെപി തള്ളിയിട്ടുണ്ട്. സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യം ശിവസേനയ്ക്ക് അറിയാമെന്നാണ് ബിജെപിയുടെ പ്രതികരണം. അഭിപ്രായഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും ബിജെപി പറയുന്നു.
ഒറ്റയ്ക്കു സര്‍ക്കാര്‍ രൂപീകരിക്കാന്‍ അംഗബലമില്ലാത്ത ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ ശിവ സേനയുടെ പിന്തുണ അത്യാവശ്യമാണ്. ഈ അവസരം മുതലെടുത്ത് ശിവസേന നിലപാട് കടുപ്പിച്ചിരിക്കുകയുമാണ്. മാസങ്ങള്‍ക്ക് മുമ്പ് ബിജെപി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ അമിത് ഷായുമായി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടാക്കിയ ഫിഫ്റ്റി ഫിഫ്റ്റി ധാരണ മാനിക്കാന്‍ ബിജെപി തയാറാകണമെന്നാണ് ഉദ്ധവ് താക്കറെ ആവര്‍ത്തിക്കുന്നത്.
"ആരു മുഖ്യമന്ത്രിയാകും എന്നതാണ് പ്രധാന ചോദ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പു സമയത്താണ് ഫിഫ്റ്റി ഫിഫ്റ്റി ഫോര്‍മുല തീരുമാനിച്ചത്. ചന്ദ്രകാന്ത് പാട്ടില്‍ (ബിജെപി സംസ്ഥാന അധ്യക്ഷന്‍) ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ചു. ഇത്രയൊക്കെ സഹിക്കാന്‍ ഞങ്ങള്‍ക്കു മാത്രമെ സാധിക്കൂ. ആവശ്യമായി വന്നാല്‍ അമിത് ഷാജിക്ക് ഇവിടെ വരേണ്ടി വരും. എന്നിട്ട് നേരത്തെ തീരുമാനിച്ചത് നടപ്പാക്കേണ്ടിയും വരും"- ഉദ്ധവ് താക്കറെ പറയുന്നു.
സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ അനിശ്ചിതത്വത്തിലായതോടെ ശിവ സേന എംഎല്‍എമാര്‍ ഇന്ന് ഉദ്ധവിനെ കാണുന്നുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ബിജെപി എംഎല്‍എമാരും യോഗം ചേരുന്നുണ്ട്. ദിപാവലി ആഘോഷങ്ങള്‍ക്കു ശേഷം ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുമെന്നാണ് വ്യക്തമായ സൂചന.