തിരുച്ചിറപ്പള്ളി- തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ നാടുകാട്ടുപട്ടിയില്‍ കുഴല്‍ കിണറില്‍ വീണ് രണ്ടു വയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുന്നു. 30 അടി താഴ്ചയിലേക്കു വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള നീക്കത്തിനിടെ 70 അടി താഴ്ചയിലേക്കു പോയിരിക്കുകയാണ്. 15 മണിക്കൂറുകള്‍ പിന്നിട്ടിരിക്കുകയാണിപ്പോള്‍. കുഴല്‍ കിണറിന്റെ സമീപത്തെ മണ്ണു മാന്തിയെടുത്ത് ഒരു ടണല്‍ നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു രക്ഷാ സംഘം. എന്നാല്‍ 10 അടി ആഴത്തില്‍ മണ്ണെടുത്തപ്പോഴേക്കും പാറകള്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് ഡ്രില്ലിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. കുഴല്‍ കിണറിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കാനായി മൈക്രോ കാമറ കെട്ടിയിറക്കിയിട്ടുണ്ട്. ഇതുവഴി കുഞ്ഞ് ശ്വാസം വിടുന്നത് ഇതു വഴി കേള്‍ക്കുന്നുണ്ടെന്ന് രക്ഷാ പ്രവര്‍ത്തകര്‍ പറഞ്ഞു. കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനായി ഓക്‌സിജനും കുഴില്‍ കിണറിന്റെ താഴ്ചയിലേക്ക് കടത്തി വിട്ടുകൊണ്ടിരിക്കുകയാണ്.
മന്ത്രിമാരായ വിജയഭാസ്‌ക്കര്‍, വള്ളാമണ്ടി നടരാജരന്‍, വളര്‍മതി എന്നിവര്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി സ്ഥലത്തുണ്ട്. വിദഗ്ധരായ രക്ഷാപ്രവര്‍ത്തകര്‍ അയല്‍ ജില്ലകളില്‍ നിന്ന് സ്ഥലത്തെത്തിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘങ്ങള്‍ ചെന്നൈയില്‍ നി്ന്നും അരക്കോണത്തു നിന്നും തിരുച്ചിറപ്പള്ളിയിലേക്കു പുറപ്പെട്ടിട്ടുണ്ട്. വീടിനു സമീപം കളിച്ചു കൊണ്ടിരിക്കെ വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സുജിത് വില്‍സണ്‍ എന്ന കുട്ടി കുഴല്‍കിണറില്‍ വീണത്.