റിയാദ്- യെമനിലെ നിയമാനുസൃത ഗവൺമെന്റും ദക്ഷിണ യെമൻ വിഘടനവാദികൾ രൂപീകരിച്ച താല്‍ക്കാലിക സര്‍ക്കാരും സമാധാന കരാറിലെത്തുന്നു. സൗദി അറേബ്യയുടെ മധ്യസ്ഥതയിലാണ് ഇരു വിഭാഗവും ധാരണയിലെത്തിയത്. വൈകാതെ റിയാദിൽ ഇരു വിഭാഗവും സമാധാന കരാർ ഒപ്പുവെക്കും. റിയാദ് കരാർ നടപ്പാക്കുന്ന സംയുക്ത കമ്മിറ്റിക്ക് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന മേൽനോട്ടം വഹിക്കും. കഴിവുറ്റ രാഷ്ട്രീയ നേതാക്കളിൽ പെട്ട 24 പേരെ ഉൾപ്പെടുത്തി പുതിയ മന്ത്രിസഭ രൂപീകരിക്കും. ദക്ഷിണ, ഉത്തര യെമൻ പ്രവിശ്യകളിൽ നിന്നുള്ള തുല്യ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് മന്ത്രിസഭ രൂപീകരിക്കുക.
യെമനിലെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ഐക്യം ശക്തിപ്പെടുത്തുന്നതിനും സർക്കാർ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും ഏജൻസികളുടെയും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുമാണ് ഊന്നൽ നൽകുന്നത്. പൊതുവിഭവ മാനേജ്‌മെന്റ്, അഴിമതി വിരുദ്ധ പോരാട്ടം, ധനവിനിയോഗത്തിലെ സുതാര്യത, കഴിവുറ്റവരെയും വിദഗ്ധരെയും ഉൾപ്പെടുത്തി സുപ്രീം ഇക്കണോമിക് കൗൺസിൽ പുനഃസംഘടന എന്നിവക്കും കരാർ ഊന്നൽ നൽകുന്നു. ഭീകര വിരുദ്ധ പോരാട്ടം ശക്തമാക്കുകയും സർക്കാർ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സുരക്ഷയും സമാധാനവും സുരക്ഷാ ഭദ്രതയും ഉറപ്പുവരുത്തുന്നതിനും സഹായകമായ നിലക്ക് ദക്ഷിണ യെമൻ പ്രവിശ്യകളിൽ സൈനിക, സുരക്ഷാ വിഭാഗങ്ങളുടെ പുനർവിന്യാസവും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കരാർ പ്രകാരം സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് നിലവിലെ പ്രധാനമന്ത്രി ഏദനിലേക്ക് മടങ്ങുകയും സ്വതന്ത്രമാക്കിയ മുഴുവൻ യെമൻ പ്രവിശ്യകളിലും സിവിൽ, സൈനിക ഉദ്യോഗസ്ഥർക്ക് വേതനം വിതരണം നടത്തുകയും ചെയ്യും. പുതുതായി രൂപീകരിക്കുന്ന മന്ത്രിസഭ ഏദൻ കേന്ദ്രീകരിച്ച് വൈകാതെ പ്രവർത്തനം ആരംഭിക്കും.
പുതിയ സമാധാന കരാർ യെമനിൽ സുരക്ഷാ ഭദ്രതയുണ്ടാക്കുകയും ചർച്ചകളിലൂടെയും രാഷ്ട്രീയ പ്രക്രിയയിലൂടെയും വ്യത്യസ്ത വിഭാഗങ്ങളുടെ ആവശ്യങ്ങൾ മാനിക്കുകയും ചെയ്യും. യെമനിലെ എല്ലാ വിഭാഗങ്ങളെയും സൗദി അറേബ്യ മാനിക്കുന്നു. ഭാവിയിൽ യെമൻ ജനതയിൽപെട്ട എല്ലാ വിഭാഗങ്ങളും ഒരുമിച്ച് എടുക്കുന്ന തീരുമാനങ്ങളും സൗദി അറേബ്യ മാനിക്കും. ഇറാൻ ഇടപെടൽ അവസാനിപ്പിക്കുന്നതിനും ഭീകര വിരുദ്ധ പോരാട്ടത്തിനും എല്ലാ പ്രവിശ്യകളുടെയും നിയന്ത്രണം നിയമാനുസൃത ഭരണകൂടത്തിന് വീണ്ടെടുക്കാൻ സാധിക്കുന്നതിനും സൗദി അറേബ്യ യെമന് രാഷ്ട്രീയ, സൈനിക, വികസന, റിലീഫ് സഹായങ്ങളും പിന്തുണകളും നൽകിയിട്ടുണ്ട്. യെമൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിന് യെമനിലെ എല്ലാ കക്ഷികളുമായും സൗദി അറേബ്യ സഹകരിക്കുന്നു. പുതിയ സമാധാന കരാറുണ്ടാക്കുന്ന കാര്യത്തിൽ യു.എ.ഇ വഹിച്ച ക്രിയാത്മക പങ്കിനെ സൗദി അറേബ്യ വിലമതിക്കുന്നതായും ബന്ധപ്പെട്ടവർ പറഞ്ഞു.