ലാഹോര്‍- പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യ കാരണങ്ങളാലാണ് അദ്ദേഹത്തിന് അനിശ്ചിതകാലത്തേക്ക് ജാമ്യം നല്‍കിയത്. അഴിമതിക്കേസില്‍ ഏഴു വര്‍ഷം ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട നവാസ് ശരീഫിനെ ജയിലില്‍ നിന്ന് ആശുപത്രിയിലെത്തിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം അനുവദിക്കാനുള്ള കോടതി തീരുമാനം.
അഴിമതി ആരോപണത്തെ തുടര്‍ന്ന് 2017 ല്‍ സ്ഥാനഭ്രഷ്ടനായ നവാസ് ശരീഫിന് ആരോഗ്യ കാരണങ്ങളാല്‍ ലാഹോര്‍ കോടതി 10 ദശലക്ഷം പാക്കിസ്ഥാന്‍ രൂപയുടെ (63,900 ഡോളര്‍) ജാമ്യമാണ് അനുവദിച്ചതെന്ന് കോടതി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മൂന്ന് തവണ പാക് പ്രധാനമന്ത്രിയായിരുന്ന ശരീഫിന് രക്ത സംബന്ധമായ അസുഖം ബാധിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. ശരീഫിന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥയോ അദ്ദേഹത്തിന് എവിടെ വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്നോ വ്യക്തമല്ല.
69 കാരനായ ശരീഫിനെ ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ രക്ത പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം അപകടകരമായ നിലയിലേക്ക് താഴ്ന്നിരുന്നു.
അഴിമതി ആരോപണത്തെത്തുടര്‍ന്ന് സുപ്രീം കോടതി ശരീഫിനെ ജീവിതകാലം മുഴുവന്‍ രാഷ്ട്രീയത്തില്‍നിന്ന് അയോഗ്യനാക്കിയതിനു പിന്നാലെയാണ് അദ്ദേഹത്തിന് ഏഴു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നത്.
തനിക്കെതിരായ എല്ലാ അഴിമതി ആരോപണങ്ങളും നിഷേധിച്ച ശരീഫ് രാജ്യത്തെ ശക്തമായ സുരക്ഷാ സ്ഥാപനമാണ് തന്നെ ലക്ഷ്യമിടുന്നതെന്നും അവകാശപ്പെടുന്നു. ശരീഫിന്റെ കടുത്ത എതിരാളിയായ ഇംറാന്‍ ഖാന്‍ 2018 ല്‍ അധികാരമേറ്റയുടന്‍ രാജ്യത്ത് അഴിമതി വിരുദ്ധ നീക്കത്തിന് തുടക്കമിട്ടിരുന്നു.
പാക്കിസ്ഥാനില്‍ രാഷ്ട്രീയക്കാര്‍ പൊതുജനങ്ങളുടെ ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്നും രാജ്യത്തുനിന്ന് കടത്തുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ശക്തമാണ്.