മുസ്‌ലിം  പള്ളികളിലെ സ്ത്രീ പ്രവേശനം: സുപ്രീം കോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി   

ന്യൂദല്‍ഹി- മുസ്‌ലിം  പള്ളികളിലെ സ്ത്രീ പ്രവേശനം  ആവശ്യപ്പെട്ട് പൂനെ സ്വദേശിയായ യാസ്മീന്‍ സുബെര്‍ അഹ്മദ് പീര്‍സാദ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ  അഭിപ്രായം തേടി. 
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്എ ബോബ്‌ദെ, എസ്എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുസ്‌ലിം പള്ളികളെ സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള വിശദീകരണം തേടി ബെഞ്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് നോട്ടീസ് നല്‍കി.
മുസ്‌ലിം  പള്ളികളില്‍ സ്ത്രീകളെ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനും വഖഫ് ബോര്‍ഡ് പോലെയുള്ള മുസ്‌ലിം  സംഘടനകള്‍ക്കും നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. പള്ളികളെ സ്ത്രീകളെ പ്രവേശനം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ദേശീയ വനിതാ കമ്മീഷന്‍, അഖിലേന്ത്യാ മുസ്‌ലിം  വ്യക്തി നിയമ ബോര്‍ഡ്, എന്നിവയോടും സുപ്രീം കോടതി അഭിപ്രായം തേടിയിട്ടുണ്ട്. നവംബര്‍ അഞ്ചിനാണ് കേസില്‍ അടുത്ത വാദം കേള്‍ക്കല്‍.

Latest News