ന്യൂദൽഹി- ഹരിയാനയിൽ സർക്കാർ രൂപീകരിക്കുന്നതിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്ന ബിജെപി സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിക്കാൻ ഒരുങ്ങുന്നു. നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിൽ ബിജെപിക്ക് 40 സീറ്റുകളാണ് ലഭിച്ചത്. ഭൂരിപക്ഷത്തിന് ആറ് എഎൽഎമാരുടെ പിന്തുണ കൂടി വേണം. എയർഹോസ്റ്റസിന്റെ ആത്മഹത്യാ വിവാദത്തിൽപ്പെട്ട എംഎൽഎയായ ഗോപാൽ ഖണ്ഡ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 2012ൽ ഈ വിവാദത്തെ തുടർന്ന് ഭൂപീന്ദർ സിംഗ് ഹൂഡ മന്ത്രിസഭയിൽ നിന്ന് ഖണ്ഡ രാജിവച്ചിരുന്നു. ഖണ്ഡ ഹരിയാന ലോക്ഹിത് പാർട്ടി രൂപീകരിച്ചിരുന്നു. അന്ന് കൃഷ്ണയെ ഏറ്റവും കൂടുതൽ ആക്രമിച്ചിരുന്നത് ബിജെപിയായിരുന്നു. ഖണ്ഡയുടെ കമ്പനിയിൽ ജോലി ചെയ്തിരുന്ന എയർഹോസ്റ്റസ് ആത്മഹത്യ ചെയ്ത് കേസിൽ പ്രേരണാക്കുറ്റമാണ് കൃഷ്ണയ്ക്ക് എതിരെ ചുമത്തിയിരുന്നത്.
സ്വന്തം മണ്ഡലമായ സിർസയുടെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് കൃഷ്ണ പറഞ്ഞു. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ഖണ്ഡ ദൽഹിയിലെത്തിയിട്ടുണ്ട്. ഖണ്ഡയ്ക്ക് എതിരെ കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തി. ഇരട്ടത്താപ്പാണ് ഖണ്ഡയുടേതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.
ആറോളം എംഎൽഎമാർ ബിജെപിക്ക് പിന്തുണ അറിയിച്ചുണ്ട്. നയൻ പാൽ റാവത്ത്, ധരംപാൽ ഗോദാർ, സോംബിർ സംഗ്വാൻ, ബൽരാജ് കുണ്ടു, രൺദീർ ഗൗണ്ടൽ, രഞ്ജിത് സിംഗ് എന്നിവരാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്നലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ബിജെപി സ്വതന്ത്രരുമായി ചർച്ചകൾ ആരംഭിച്ചിരുന്നു. ബിജെപിയുടെ ഈ തന്ത്രം വിജയിച്ചാൽ കിംഗ് മേക്കർ ആകാമെന്നുള്ള ദുഷ്യന്ത് ചൗതാലയുടെ മോഹം പൊലിയും. പത്ത് എംഎൽഎമാരാണ് ചൗതാലയുടെ ജനനായക് ജനതാ പാർട്ടിക്കുള്ളത്. മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന വാഗ്ദാനവുമായി 31 അംഗങ്ങളുള്ള കോൺഗ്രസ് ചൗതാലയെ സമീപിച്ചിരുന്നു. തുടർച്ചയായി രണ്ടാം തവണയും ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്.