ന്യൂദൽഹി- ഹരിയാനയിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ തൂക്കു മന്ത്രിസഭയിലേക്ക് സാധ്യതകൾ നീങ്ങിയതോടെ എല്ലാ കണ്ണുകളും ജൻനായക് ജനതാ പാർട്ടി നേതാവ് ദുഷ്യന്ത് ചൗതാലയിലേക്ക്. ബി.ജെ.പിക്കും കോൺഗ്രസിനും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ദുഷ്യന്ത് ചൗതാലയുടെ പാർട്ടിയിലാണ് മന്ത്രിസഭാ രൂപീകരണ പ്രതീക്ഷകൾ മുഴുവൻ. അതിനിടെ ഹരിയാന മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഖട്ടറെ അമിത്ഷാ ദൽഹിക്കു വിളിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയെ സോണിയാ ഗാന്ധിയും ദൽഹിക്കു വിളിപ്പിച്ചു.
കേവല ഭൂരിപക്ഷം ഇല്ലെങ്കിൽ കൂടി ഒരുപക്ഷേ മനോഹർ ലാൽ ഖട്ടർ ഹരിയാനയിൽ സർക്കാർ രൂപീകരിക്കാൻ അവകാശം ഉന്നയിച്ചേക്കും. ഹരിയാനയിൽ വിജയിച്ച ഏഴു സ്വതന്ത്രരിൽ നാലു പേരും ബി.ജെ.പി വിമതരാണ്. ദുഷ്യന്ത് ചൗതാലയുടെ പാർട്ടി ജൻനായക് ജനത പാർട്ടി രൂപീകരിച്ചിട്ടു തന്നെ ഒരു വർഷം പൂർത്തിയായിട്ടില്ല. തെരഞ്ഞെടുപ്പു ഫലം പൂർണമായി പുറത്തു വരുന്നതിന് മുമ്പ് തന്നെ സഖ്യത്തിനായി കോൺഗ്രസ് ജെ.ജെ.പിയെ സമീപിച്ചിരുന്നു. ഏതു വിധേനയും ഹരിയാനയിൽ ഭരണത്തുടർച്ച കൊതിക്കുന്ന ബി.ജെ.പിയുടെ കണ്ണും ദുഷ്യന്തിന്റെ പാർട്ടിയിൽ തന്നെയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രമുഖ നേതാവ് കുൽദീപ് ബിഷ്‌ണോയിയെ പരാജയപ്പെടുത്തിയ ദുഷ്യന്ത് ചൗതാല ഹരിയാനയിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ എം.പിയാണ്. 26-ാമത്തെ വയസ്സിലാണ് ദുഷ്യന്ത് ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ദുഷ്യന്ത് ചൗതാലയ്ക്ക് ഹരിയാന മുഖ്യമന്ത്രി സ്ഥാനം നൽകിക്കൊണ്ടുള്ള സഖ്യനീക്കമാണ് കോൺഗ്രസിന്റെ പദ്ധതിയെന്നാണ് സൂചന. എന്നാൽ, വിജയിച്ച സ്വതന്ത്ര എം.എൽ.എമാർക്കു വലിയ വില നൽകി ഭരണത്തുടർച്ച ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി പാളയത്തിൽ നടക്കുന്നത്.
90 സീറ്റുകളുള്ള ഹരിയാനയിൽ അവസാന ഫലം വരുമ്പോഴും ബി.ജെ.പിക്കോ കോൺഗ്രസിനോ ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ല. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും ചെറു പാർട്ടികളുമായി ധാരണയിലെത്താൻ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിക്ക് 40 ഉം കോൺഗ്രസിന് 31 ഉം സീറ്റുകളാണുള്ളത്. ഐ.എൻ.എൽ.ഡി-അകാലിദൾ സഖ്യം ഒരു സീറ്റും, മറ്റു പാർട്ടികൾ എട്ട് സീറ്റുകളും നേടി. ഇതിൽ ദുഷ്യന്ത് ചൗതാലയുടെ ജെ.ജെ.പി നേടിയ പത്ത് സീറ്റുകളാണ് നിർണായകം.
മനോഹർ ലാൽ ഖട്ടർ സർക്കാരിന്റെ ഭരണത്തുടർച്ച പ്രതീക്ഷിച്ച ഹരിയാനയിൽ മികച്ച വിജയം നേടാൻ കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുഭാഷ് ബറാല രാജിവെച്ചു. ഇദ്ദേഹം ഉൾപ്പെടെ ബി.ജെ.പിയുടെ ഏഴ് സംസ്ഥാന കാബിനറ്റ് മന്ത്രിമാരാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്.
അതിനിടെ തങ്ങളോടൊപ്പം നിൽക്കണമെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ ജെ.ജെ.പിയോടും മറ്റു സ്വതന്ത്ര പാർട്ടികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം നിന്നാൽ എല്ലാവർക്കും അർഹിക്കുന്ന പരിഗണന ലഭിക്കുമെന്നാണ് ഹൂഡയുടെ വാഗ്ദാനം.
'ദുഷ്യന്ത് ചൗതാല മുഖ്യമന്ത്രിയാകും'
ന്യൂദൽഹി- ഹരിയാനയിൽ ജൻനായക് ജനതാ പാർട്ടി നേതാവ് ദുഷ്യന്ത് ചൗതാല മുഖ്യമന്ത്രിയാകുമെന്ന് മുൻ പി.സി.സി അധ്യക്ഷൻ അശോക് തൻവാർ. സംസ്ഥാനത്തെ 40 സീറ്റുകളിൽ ബി.ജെ.പിയും 31 സീറ്റുകൾ കോൺഗ്രസുമാണ് നേടിയത്. കന്നിപ്പോരാട്ടത്തിൽ ജെ.ജെ.പി 10 സീറ്റുകളിലാണ് വിജയിച്ചത്. ഹരിയാനയിലെ ജനങ്ങൾ ബി.ജെ.പിയേയും കോൺഗ്രസിനേയും നിരസിച്ചിരിക്കുകയാണ്. ദുഷ്യന്ത് ചൗതാലയാണ് മുഖ്യമന്ത്രിയാകേണ്ടത്. ഇരു പാർട്ടികളും ദുഷ്യന്തിനെ പിന്തുണയ്ക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിയിലെ ഉൾപോരുകളെ തുടർന്ന് അടുത്തിടെയാണ് അശോക് തൻവാർ കോൺഗ്രസിൽ നിന്ന് രാജിവെച്ചത്.