ബ്രസ്സല്‍സ്- സിറിയയില്‍ തുര്‍ക്കി കൈക്കൊണ്ട സൈനിക നടപടി നാറ്റോ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെങ്കിലും തുര്‍ക്കിയുടെ തന്ത്രപ്രധാന സ്ഥാനം കാരണം നടപടികളൊന്നുമുണ്ടാകില്ലെന്ന് നയതന്ത്രജ്ഞര്‍ കരുതുന്നു.
കുര്‍ദ് പോരാളികള്‍ക്കെതിരെ ഈ മാസം നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് 29 അംഗരാജ്യങ്ങളില്‍ തുര്‍ക്കി ഒറ്റപ്പെട്ടിരിക്കെ ബ്രസ്സല്‍സില്‍ ഇന്ന് സമാപിക്കുന്ന യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്ന കാര്യം ഉറപ്പാണ്.
അതിര്‍ത്തിയില്‍ സുരക്ഷിത മേഖലയുണ്ടാക്കി കുര്‍ദ് പോരളികളുടെ ആക്രമണം തടയുകയാണ് തുര്‍ക്കിയുടെ ലക്ഷ്യം. സിറിയയില്‍ ഐ.എസിനെതിരായ പോരാട്ടത്തില്‍ പങ്കെടുത്ത കുര്‍ദ് പോരാളികളെ ഭീകരരായാണ് തുര്‍ക്കി കാണുന്നത്.
തുര്‍ക്കിയെ അപലപിക്കാന്‍ ബ്രസ്സല്‍സിലെത്തിയ നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് വിസമ്മതിച്ചു. സിറിയന്‍ അതിര്‍ത്തിയില്‍ തുര്‍ക്കിക്ക് സുരക്ഷാ ആശങ്കകളുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തുര്‍ക്കി-യുഎസ് വെടിനിര്‍ത്തല്‍ കരാര്‍ സിറിയന്‍ അതിര്‍ത്തിയില്‍ പോരാട്ടം കുറച്ചിട്ടുണ്ടെന്നും വടക്കുകിഴക്കന്‍ സിറിയയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
നാറ്റോ പ്രതിരോധ മന്ത്രിമാരുടെ ദ്വദിന യോഗത്തില്‍ രൂക്ഷമായ ചര്‍ച്ച നടക്കുമെങ്കിലും തുര്‍ക്കിക്കെതിരെ ഒരു തരത്തിലുള്ള ശിക്ഷാ നടപടിക്കും സാധ്യതയില്ല. തുര്‍ക്കിയെ നാറ്റോയില്‍നിന്ന് പുറത്താക്കാനോ ഉപരോധം ഏര്‍പ്പെടുത്താനോ ആലോചിക്കുക പോലുമില്ലെന്നാണ് നയതന്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.
യോഗത്തിന് തൊട്ടുമുമ്പ് ബ്രസ്സല്‍സില്‍ നടന്ന വിദഗ്ധരുടെ സമ്മേളനത്തില്‍ തുര്‍ക്കി തെറ്റായ ദിശിലേക്കാണ് നീങ്ങുന്നതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ കുറ്റപ്പെടുത്തി. സിറിയന്‍ അതിര്‍ത്തിയില്‍ സ്ഥാപിക്കുന്ന സുരക്ഷിത മേഖലയില്‍ സംയുക്ത പട്രോളിംഗ് നടത്തുന്നതിന് റഷ്യയുമായി ഉണ്ടാക്കിയ ധാരണയാണ് അമേരിക്കയെ പ്രകോപിപ്പിക്കുന്നത്.