റിയാദ് - സൗദി അറേബ്യയുടെ പ്രതിരോധ ശേഷി ഉയർത്തുന്നത് അമേരിക്ക തുടരുമെന്ന് യു.എസ് പ്രതിരോധ മന്ത്രി മാർക് എസ്പർ. ബ്രസ്സൽസിൽ നാറ്റോ യോഗത്തോടനുബന്ധിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫിൽ സ്വതന്ത്രമായ കപ്പൽ ഗതാഗതത്തിന് ഇറാൻ ഭീഷണി സൃഷ്ടിക്കുകയാണ്. ഇറാനെ ചെറുക്കുന്ന കാര്യത്തിൽ അമേരിക്കയുടെ സഖ്യരാജ്യങ്ങൾ പങ്ക് വഹിക്കണം. കിഴക്കൻ സൗദിയിൽ അറാംകൊ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെ ആക്രമണങ്ങൾ നടത്തിയത് ഇറാനാണ്. ലോകത്തെങ്ങും ഭീകര ഗ്രൂപ്പുകൾക്ക് ഇറാൻ പിന്തുണ നൽകുന്നു.
ഇറാനുമായി ഏറ്റുമുട്ടലിന് അമേരിക്കക്ക് താൽപര്യമില്ല. എങ്കിലും അനിവാര്യമായി വന്നാൽ അതിനും അമേരിക്ക ഒരുക്കമാണ്. ഇറാന്റെ ക്ഷുദ്രപ്രവർത്തനങ്ങൾ മേഖലാ രാജ്യങ്ങൾക്ക് ഭീഷണിയാണെന്നും മാർക് എസ്പർ പറഞ്ഞു.
കൂടുതൽ അമേരിക്കൻ സൈനികരെയും പ്രതിരോധ ലക്ഷ്യത്തോടെയുള്ള ആയുധങ്ങളും സ്വീകരിക്കാൻ തീരുമാനിച്ചതായി സൗദി പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. സൗദിയിൽ മൂവായിരം സൈനികരെയും കൂടുതൽ ആയുധങ്ങളും അധികം വിന്യസിക്കുന്നതിന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണിത്. രണ്ടു പാട്രിയറ്റ് മിസൈൽ ബാറ്ററികളും ഒരു താഡ് ബാലിസ്റ്റിക് മിസൈൽ ഇന്റർസെപ്ഷൻ സംവിധാനവും രണ്ടു യുദ്ധ സൈനിക വിഭാഗങ്ങളും ഒരു വ്യോമ നിരീക്ഷണ വിഭാഗവും സൗദിയിൽ വിന്യസിക്കാനാണ് അമേരിക്കയുടെ തീരുമാനം.
സൗദി അറേബ്യയിൽ 200 സൈനികരെയും പാട്രിയറ്റ് മിസൈൽ ബാറ്ററിയും നാലു റഡാർ സംവിധാനങ്ങളും വിന്യസിക്കുമെന്ന് കഴിഞ്ഞ മാസാവസാനം പെന്റഗൺ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൗദിയിലേക്ക് കൂടുതൽ സൈനികരെയും ആയുധങ്ങളും അമേരിക്ക അയക്കുന്നത്. ഇറാൻ ഉയർത്തുന്ന കടുത്ത ഭീഷണികളുടെ പശ്ചാത്തലത്തിലാണ് സൗദി അറേബ്യയും അമേരിക്കയും പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കുന്നത്. കഴിഞ്ഞ മാസം പതിനാലിന് അറാംകോ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണൊണ് സൗദി അറേബ്യയും പശ്ചാത്യ രാജ്യങ്ങളും വ്യക്തമാക്കി. സമീപ കാലത്ത് അറേബ്യൻ ഉൾക്കടലിലും ഒമാൻ ഉൾക്കടലിലും എണ്ണ ടാങ്കറുകൾ ലക്ഷ്യമിട്ടും പലതവണ ആക്രമണങ്ങളുണ്ടായി. ഈ ആക്രമണങ്ങൾക്കു പിന്നിലും ഇറാനും ഇറാൻ സഹായത്തോടെ പ്രവർത്തിക്കുന്ന മിലീഷ്യകളുമാണ്. ഭാവിയിൽ സമാന ആക്രമണങ്ങൾ നടത്തുന്നതിൽനിന്ന് ഇറാനെ ചെറുക്കുന്നതിന് ലക്ഷ്യമിട്ടാണ് സൗദിയിൽ അമേരിക്ക കൂടുതൽ സൈനികരെയും ആയുധങ്ങളും വിന്യസിക്കുന്നത്.