ന്യൂദല്‍ഹി- ലൈസന്‍സ് ഫീ, സ്‌പെക്ട്രം ഫീ ഉള്‍പ്പെടെയുള്ള വിവിധ ഇനങ്ങളിലായി ടെലികോം കമ്പനികള്‍ കുടിശ്ശിക വരുത്തിയ 1.33 ലക്ഷം കോടി രൂപ തിരിച്ചു പിടിക്കാന്‍ ടെലികോം വകുപ്പിന് സുപ്രീം കോടതി അനുമതി നല്‍കി. ഭാരതി എയര്‍ടെല്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, വോഡഫോണ്‍ ഐഡിയ എന്നീ മൊബൈല്‍ സേവന ദാതാക്കളാണ് സര്‍ക്കാരിന് പണം നല്‍കേണ്ടത്. കമ്പനികള്‍ക്ക് വലിയ തിരിച്ചടിയായ വിധി ടെലികോം വകുപ്പിന് വലിയ ആശ്വാസമായിരിക്കുകയാണ്. അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എജിആര്‍) ഇനത്തിലാണ് ഈ തുക കമ്പനികള്‍ കുടിശ്ശിക വരുത്തിയത്. എജിആറിന്റെ നിര്‍വചനം സംബന്ധിച്ച് ടെലികോം വകുപ്പും ടെലികോം കമ്പനികളും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് കോടതി വിധി.
ലൈസന്‍സ് ഫീ ഇനത്തില്‍ 92,000 കോടി രൂപയും സ്‌പെക്ട്രം യൂസേജ് ഫീ ഇനത്തില്‍ 41,000 കോടി രൂപയുമാണ് സ്വകാര്യ ടെലികോം കമ്പനികള്‍ കുടിശ്ശിക വരുത്തിയിരിക്കുന്നതെന്ന് ടെലികോം വകുപ്പ് പറഞ്ഞു. ഭാരതി എയര്‍ടെല്‍ 21,682 കോടി രൂപയും വോഡഫോണ്‍ ഗ്രൂപ്പ് 19,823 കോടിയും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 16,456 കോടി രൂപയും ഐഡിയ സെല്ലുലാര്‍ 8,485 കോടിയുമാണ് സര്‍ക്കാരിന് നല്‍കാനുള്ളത്.
സുപ്രീം കോടതി വിധിയില്‍ നിരാശ അറിയിച്ച കമ്പനികള്‍ കുടിശ്ശിക തുക അടക്കാന്‍ ആറു മാസത്തെ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്. കോടിക്കണക്കിന് രൂപയാണ് ലോകോത്തര സേവനങ്ങള്‍ നല്‍കുന്നതിനായി ടെലികോം കമ്പനികള്‍ നിക്ഷേപമിറക്കിയിട്ടുള്ളതെന്നും ഈ രംഗത്ത് കടുത്ത സാമ്പത്തിക ഞെരുക്കം നിനില്‍ക്കെ ഈ വിധി കമ്പനികളുടെ നില പരുങ്ങലിലാക്കുമെന്നും കമ്പനികള്‍ പ്രതികരിച്ചു. ഈ ഉത്തരവ് ബാധകമായ 15 കമ്പനികളില്‍ രണ്ടു സ്വകാര്യ മേഖലാ കമ്പനികള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവയെല്ലാം അടച്ചുപൂട്ടുകയോ മറ്റു കമ്പനികളില്‍ ലയിക്കുകയോ ചെയ്തു. ഈ സാമ്പത്തിക ബാധ്യത ലഘൂകരിക്കാന്‍ സര്‍ക്കാര്‍ അനുയോജ്യമായ തീരുമാനം കൈകൊള്ളണമെന്നും എയര്‍ടെല്‍ വക്താവ് പ്രതികരിച്ചു.