ന്യൂദല്‍ഹി- ജമ്മു കശ്മീരിന് സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനാ വകുപ്പ് 370 റദ്ദാക്കി സംസ്ഥാനത്തെ വിഭജിച്ച ശേഷം കേന്ദ്ര സര്‍ക്കാര്‍ അവിടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എത്ര കാലം തുടരുമെന്ന് സുപ്രീം കോടതിയുടെ ചോദ്യം. 'നിയന്ത്രണങ്ങള്‍ എത്ര ദിവസത്തേക്കാണ്. ഇപ്പോള്‍ തന്നെ രണ്ടു മാസം പിന്നിട്ടു. ഇക്കാര്യത്തില്‍ ഒരു വ്യക്ത വരുത്തുകയും മറ്റു വഴികള്‍ കണ്ടെത്തുകയും വേണം'- ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞു. നിയന്ത്രണങ്ങള്‍ സര്‍ക്കാരിന് ഏര്‍പ്പെടുത്താം, പക്ഷേ അത് പുനപ്പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. കശ്മീരിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഹരജി നവംബര്‍ അഞ്ചിനു വീണ്ടും പരിഗണിക്കാന്‍ മാറ്റി.
കശ്മീരിലെ 99 ശതമാനവും നിയന്ത്രണങ്ങളും നീക്കിയിട്ടുണ്ടെന്നും ഇക്കാര്യം ദിനേന പുനപ്പരിശോധിക്കുന്നുണ്ടെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുശാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. ഇന്റര്‍നെറ്റ് അനുവദിക്കുന്നത്് കശ്മീരില്‍ ഭീകരവാദത്തിന്റെ വ്യാപനവുമായി നേരിട്ടു ബന്ധപ്പെട്ടതാണെന്നും ഇതിനു പ്രത്യാഘാതങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന് കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ഭാസിന്‍ സമര്‍പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ജമ്മു കശ്മീരില്‍ കുട്ടികളെ നിയമവിരുദ്ധമായ തടങ്കലില്‍ വെക്കുന്നുണ്ടെന്ന് ബാലാവകാശ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയിലും ചൂണ്ടിക്കാട്ടുന്നു.