ഭോപാല്‍-ലൈംഗിക ഉത്തേജനത്തിനായി കരടികളെ കൊന്ന് വൃഷണം ഭക്ഷിക്കുന്ന കുപ്രസിദ്ധ വേട്ടക്കാരന്‍ യെര്‍ലെന്‍ പിടിയില്‍. മദ്ധ്യപ്രദേശ് സ്വദേശിയായ ഇയാളെ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൊലീസിന് വീണ്ടും പിടികൂടാന്‍ കഴിഞ്ഞത്. കരടികളെ കൊന്ന് അവയുടെ വൃഷണം ഭക്ഷണമാക്കുന്ന വിചിത്ര രീതിയുടെ പേരിലാണ് യെര്‍ലെന്‍ അറിയപ്പെടുന്നത്. മദ്ധ്യപ്രദേശിലെ ചില ഗോത്ര വര്‍ഗങ്ങളില്‍ ഇത്തരമൊരു വിശ്വാസം നിലവിലുണ്ട്. ഇത് മുതലെടുത്തായിരുന്നു യെര്‍ലന്റെ പ്രവര്‍ത്തനം. ജസ്രത്, യെര്‍ലെന്‍, ലുസാലെന്‍ തുടങ്ങി വ്യത്യസ്ത പേരുകളിലറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധനായ കടുവാ വേട്ടക്കാരനാണ് യെര്‍ലെന്‍. വനം വകുപ്പിന്റെ പ്രത്യേക ദൗത്യസേനയാണ് ഇയാളെ കുടുക്കിയത്. വിചിത്രമായ രീതികളുടെ പേരിലാണ് യെര്‍ലെന്‍ ആദ്യം തന്നെ പ്രത്യേക ദൗത്യ സേനയുടെ ശ്രദ്ധയില്‍പ്പെടുന്നത്. വനമേഖലയില്‍ കണ്ടെടുത്ത കരടികളുടെ ശരീരാവശിഷ്ടങ്ങളില്‍ ഇവയുടെ വ്യഷണങ്ങള്‍ കാണാനില്ലാതിരുന്നതും സംശയം ഇരട്ടിയാക്കി. ഇതോടെയാണ് യെര്‍ലനായി വ്യാപക തിരച്ചില്‍ ആരംഭിച്ചത്.
കാന്‍സര്‍, ആസ്തമ, കലശലായ വേദന തുടങ്ങിയവയ്‌ക്കൊക്കെ കരടികളുടെ പിത്താശയവും പിത്തരസവും ഫലപ്രദമാണെന്ന വിശ്വാസവും ചിലയിടങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയില്‍ കരടികളുടെ ആന്തരികാവയവങ്ങള്‍ക്ക് ആവശ്യക്കാരെറേയാണ്.