റാസല്‍ഖൈമ- ഇന്ത്യയിലെ പ്രമുഖ ബജറ്റ് എയര്‍ലൈന്‍ സ്പൈസ്ജെറ്റ് യു.എ.ഇയില്‍ അവരുടെ ആദ്യത്തെ രാജ്യാന്തര ഹബ് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി ബോയിംഗ് 737 മാക്സ് വിമാനങ്ങളാവും ഉപയോഗിക്കുകയെന്ന സ്പൈസ്ജെറ്റ് പ്രഖ്യാപനം തളര്‍ന്നു കിടക്കുന്ന ബോയിംഗ് കമ്പനിക്ക് പുതിയ ഉണര്‍വ് പകരും. എതോപ്യയിലുണ്ടായ അപകടത്തെ തുടര്‍ന്ന് നിര്‍മാണ പിഴവുണ്ടെന്ന് സംശയിക്കപ്പെട്ട ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ മിക്ക കമ്പനികളും നിലത്തിറക്കിയിരുന്നു. ഇതോടെയാണ് ബോയിംഗ് വലിയ പ്രതിസന്ധിയിലായത്.
യു.എ.ഇയിലെ റാസല്‍ ഖൈമയിലായിരിക്കും രാജ്യാന്തര ഹബെന്ന് സ്പൈസ്ജെറ്റ് ചെയര്മാന് അജയ് സിംഗ് പറഞ്ഞു. ന്യൂദല്‍ഹി-റാസല്‍ഖൈമ സര്‍വീസ് ഡിസംബറില്‍തന്നെ ആരംഭിക്കും. പടിഞ്ഞാറന്‍ യൂറോപ് വരെയുള്ള നഗരങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് പദ്ധതിയെന്നും അദ്ദേഹം അറിയിച്ചു.
യു.എ.ഇയിലെ ചെറിയ എമിറേറ്റായ റാസല്‍ഖൈമയില്‍ ടൂറിസത്തിനും വ്യാപാരത്തിനും ഉണര്‍വേകാന്‍ പുതിയ തീരുമാനം സഹായകമാകുമെന്നാണ് പ്രതീക്ഷ.