ന്യൂദല്‍ഹി- രാജ്യത്തു വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചും സഹിഷ്ണുതയിലും മതേതരത്വത്തിലും പരസ്പര വിശ്വാസത്തിലും ഊന്നി അഖണ്ഡ ഇന്ത്യയായി നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി.
ആരോഗ്യകരമായ ജനാധിപത്യത്തിനായി ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. ഭിന്നതകളുടെ പേരില്‍ രാജ്യത്ത് അക്രമങ്ങള്‍ വളരെയേറെ വര്‍ധിച്ചിരിക്കുന്നു. ഐക്യത്തിലും അഖണ്ഡതയിലും നിലനില്‍ക്കാനുള്ള കഴിവ് ഏറെ ശ്രമകരമായി മാറിയിരിക്കുന്നു. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ശാരീരികമായി മാത്രമല്ല മാനസികമായും ബൗദ്ധികമായും പിന്നോട്ടടിപ്പിക്കുമെന്നു മാത്രമല്ല സാമൂഹ്യ, സാമ്പത്തിക മേഖലകളെക്കൂടി പ്രതികൂലമായി ബാധിക്കും. ജനങ്ങളുടെ ജീവന് വില കല്‍പിക്കുന്നില്ലെന്നു മാത്രമല്ല പരസ്പര വിശ്വാസമില്ലായ്മയും വെറുപ്പും സംശയവും അസൂയയും മുമ്പെങ്ങുമില്ലാത്തവിധം വളര്‍ന്നിരിക്കുന്നുവെന്നും പ്രണബ് മുഖര്‍ജി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ദേശീയത എന്നാല്‍ ഒരു ഭാഷയോ ഒരു മതമോ ഒരു പൊതു ശത്രുവോ അല്ല, അത് 122 ഭാഷകള്‍ സംസാരിക്കുന്ന പ്രതിദിന ജീവിതത്തില്‍ 1600 ഭിന്നാഭിപ്രായങ്ങളുള്ള ഏഴിലേറെ സുപ്രധാന മതവിശ്വാസങ്ങളുള്ള 130 കോടി ജനങ്ങള്‍ ഒരേ സംവിധാനത്തിന് കീഴില്‍ ജീവിക്കുന്നതാണ്. ഒരേ പതാകയും ഭാരതീയന്‍ എന്ന ഒരേ തിരിച്ചറിവും ആരോടും ശത്രുതയില്ലായ്മയും ആണ് ഇന്ത്യയെ നാനാത്വത്തില്‍ ഏകത്വം എന്ന അടിസ്ഥാനത്തില്‍ അഖണ്ഡ രാജ്യമാക്കി നിലനിര്‍ത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതു സംവാദങ്ങളില്‍ ഭിന്നാഭിപ്രായങ്ങള്‍ക്ക് വില നല്‍കണം. നമുക്ക് തര്‍ക്കമോ വിയോജിപ്പോ യോജിപ്പോ ഉണ്ടാകാം. എന്നാല്‍, അഭിപ്രായങ്ങളിലെ ബഹുസ്വരത നിരസിക്കാന്‍ കഴിയില്ല. ആരോഗ്യപരമായ ചര്‍ച്ചകളിലൂടെ മാത്രമേ ഇന്നുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയൂ. ഇന്ത്യയുടെ ആത്മാവ് തന്നെ നാനാത്വത്തിലും ബഹുസ്വരതയിലും ഈടുറ്റതാണ്. മതേതരത്വവും കൂടിച്ചേരലും നമ്മളെ സംബന്ധിച്ച് വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്. ഒരു രാജ്യമായി നമ്മെ നിലനിര്‍ത്തുന്ന അടിസ്ഥാന സംസ്‌കാരം തന്നെയാണ് അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുവാഹത്തിയിലെ നോര്‍ത്ത് ഈസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ സ്ഥാപക ദിനാചരണത്തില്‍ ദല്‍ഹിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഭാരത രത്‌ന ജേതാവ് കൂടിയായ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി.
സമാധാനപരമായ നിലനില്‍പ്, അനുകമ്പ, ജീവനോടുള്ള ബഹുമാനം, പ്രകൃതിയോടുള്ള സഹവര്‍ത്തിത്വം എന്നിവ നമ്മുടെ സംസ്‌കാരത്തിന്റെ അന്തസ്സത്തയാണ്. ഓരോ തവണയും ഒരു കുട്ടിയോ വനിതയോ ക്രൂരതയ്ക്ക് ഇരയാകുമ്പോള്‍ ഇന്ത്യയുടെ ആത്മാവിനാണ് മുറിവേല്‍ക്കുന്നത്. പ്രകടമായ ക്രോധാവേശവും സാമൂഹിക അടിത്തറയെ പിച്ചിച്ചീന്തുന്നതുമായ സംഭവങ്ങളാണ് നടക്കുന്നത്. നമുക്കു ചുറ്റുമുള്ള അതിക്രമങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ചു വരുന്നതായാണു കാണുന്നത്. ഈ അതിക്രമങ്ങളുടെ എല്ലാം നടുവില്‍ അവിശ്വാസ്യതയും ഇരുളും ഭീതിയും ആണുള്ളതെന്നും പ്രണബ് മുഖര്‍ജി ചൂണ്ടിക്കാട്ടി.
സഹിഷ്ണുത എന്നാല്‍ ഒരു മനസ്സിന്റെ അടിസ്ഥാന ഘടകം തന്നെയാണ്. അത് നമ്മുടെ പാരമ്പര്യമായ അഹിംസാ വാദത്തിന്റെ ഭാഗം തന്നെയാണ്. ഇന്ത്യന്‍ തത്വങ്ങളുടെയും മഹാത്മാഗാന്ധിയുടെയും അന്തസ്സത്ത തന്നെ അഹിംസയാണ്. ആധുനിക കാലത്ത് അഹിംസയുടെ അപ്പസ്‌തോലനായിരുന്നു ഗാന്ധിജി എന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. ഈ കാലത്ത് മുമ്പെന്നത്തേക്കാളും ഗാന്ധിജിയോടും അദ്ദേഹത്തിന്റെ ആശയങ്ങളോടുമുള്ള വിലക്കുകളില്ലാത്ത വിശ്വാസമാണ് വേണ്ടത്. അഹിംസക്കും സഹിഷ്ണുതക്കും പുറമേ പരസ്പര വിശ്വാസവും ബഹുമാനവും കൂടി നമ്മള്‍ വെച്ചു പുലര്‍ത്തണം. രാഷ്ട്രപിതാവിന്റെ ദര്‍ശനങ്ങള്‍ക്ക് അനുസരിച്ചാണോ നാം ജീവിക്കുന്നത് എന്ന ചോദ്യമാണ് ഇന്ന് നമുക്ക് ചുറ്റിലും നിന്നും ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതു സംവാദങ്ങളെ ശാരീരികവും വാക്കുകളിലൂടെയുമുള്ള എല്ലാത്തരം അക്രമങ്ങളില്‍ നിന്നും മോചിപ്പിക്കണം. ഒരു ജനാധിപത്യ സംവിധാനത്തില്‍ അക്രമ രഹിത സമൂഹത്തിനും മാത്രമേ എല്ലാ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പു വരുത്താനാകൂ. പ്രത്യേകിച്ച് ജനാധിപത്യ സംവിധാനങ്ങളില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും കുടിയിറക്കപ്പെട്ടവരുടെയും പങ്കാളിത്തമുണ്ടാകണം. വിദ്വേഷത്തിന്റെയും അക്രമങ്ങളുടെയും മാര്‍ഗത്തില്‍നിന്ന് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും പാതയിലേക്ക് നീങ്ങണമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.