ന്യൂദല്‍ഹി- തലസ്ഥാനത്ത് കൊണാട്ട് പ്ലേസില്‍ പുലര്‍ച്ചെ പോലീസും അക്രമികളും തമ്മിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ദല്‍ഹി നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാല മോഷണ സംഘത്തെ പോലീസ് പിന്തുടരവേ ആണ് നാലംഗ സംഘം പോലീസിന് നേരെ വെടിയുതിര്‍ത്തത്. പോലീസ് തിരിച്ച് നടത്തിയ വെടിവെപ്പിലാണ് അക്രമികളില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റത്.
കൊണാട്ട് പ്ലേസിലെ ശങ്കര്‍ മാര്‍ക്കറ്റിനടുത്ത് വെച്ചായിരുന്നു സംഭവം. സലീം, ഇസ്മായില്‍, സൗദ് എന്നിങ്ങനെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റുമുട്ടലില്‍ വെടിയേറ്റതിനെ തുടര്‍ന്ന് സലീമിനെയും ഇസ്മായിലിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘത്തിലെ നാലുപേരില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഏറ്റുമുട്ടല്‍ ഉണ്ടായപ്പോള്‍ സംഘം മോട്ടോര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു.
നിരവധി ആഴ്ചകളായി ദല്‍ഹിയുടെ ഹൃദയഭാഗത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന പിടിച്ചുപറിക്കാരുടെ സംഘത്തെ വലയിലാക്കാന്‍ പോലീസ് നടത്തിയ ശ്രമത്തിലാണ് വെടിവെപ്പുണ്ടായത്.
ശങ്കര്‍മാര്‍ക്കറ്റ് ഭാഗത്ത് പുലര്‍ച്ചെ സൈക്കിള്‍ സവാരിക്കിറങ്ങുന്നവരെ ലക്ഷ്യം വെച്ച് മോഷ്ടാക്കള്‍ പതിയിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. അതിനിടെ ബൈക്കുകളിലെത്തിയ അക്രമി സംഘം പോലീസ് ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ പോകുകയും പിന്തുടര്‍ന്നപ്പോള്‍ വെടിയുതിര്‍ക്കുകയുമായിരുന്നു.