അബുദാബി- കപ്പല്‍ കമ്പനിയുടെ അനാസ്ഥ കാരണം മാസങ്ങളായി യു.എ.ഇ കടലില്‍ കുടുങ്ങിയ ഒരു മലയാളിയടക്കം അഞ്ച് ഇന്ത്യന്‍ നാവികര്‍ നാട്ടിലേക്ക് മടങ്ങി.
മലയാളിയായ സുബിത് സുകുമാരനു പുറമെ, ഹിമാചല്‍ പ്രദേശിലെ അമിത് ചന്ദല്‍, ഹരിയാന സ്വദേശി എസ്. നായിബ്, പഞ്ചാബ് സ്വദേശി വിക്രം, ഉത്തര്‍പ്രദേശിലെ ഹരീന്ദ്ര എന്നിവരാണ് കഴിഞ്ഞ ദിവസം ഷാര്‍ജ എയര്‍പോര്‍ട്ടില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്. അടിസ്ഥാന സൗകര്യമോ മാസങ്ങളായി ശമ്പളമോ ഇല്ലാതെ ദുരിതത്തിലായ
നിരവധി നാവികര്‍ ഇനിയും യു.എ.ഇ സമുദ്രത്തിലെ കപ്പലുകളിലുണ്ട്.
ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ തുടര്‍ച്ചയായ ഇടപെടലാണ് എം.വി ഷാര്‍ജ മൂണ്‍ എന്ന കപ്പലിലെ അഞ്ച് നാവികരെ നാട്ടിലെത്തിക്കാന്‍ സഹായകമായത്.
യു.എ.ഇ ഫെഡറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും പാനമ കോണ്‍സുലേറ്റ് ജനറലും സാമൂഹിക പ്രവര്ത്തകന് ഗിരീഷ് പന്തും ശ്രമങ്ങളില്‍ പങ്കാളികളായെന്ന് ദുബായ് ഇന്ത്യന്‍ കേണ്‍സല്‍ ജനറല്‍ വിപുല്‍ പറഞ്ഞു.
ഒരു വര്‍ഷമായി നങ്കൂരമിട്ട കപ്പലില്‍ മാസങ്ങളായി പരിമിതമായ സഹായം മാത്രമേ എത്തിച്ചിരുന്നുള്ളൂ. കപ്പലിന്റെ ക്യാപ്റ്റന്‍ ഉത്തരാഖണ്ഡ് സ്വദേശി ജയ്പ്രകാശിനെ ഈ മാസം ഒന്നിന് നാട്ടിലേക്കയക്കാന്‍ കോണ്‍സുലേറ്റിനു സാധിച്ചിരുന്നു.