ന്യൂദല്‍ഹി- സ്പീക്കര്‍ക്ക് നേരെ കടലാസുകള്‍ കീറി എറിഞ്ഞതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള രണ്ട് എംപിമാര്‍ ഉള്‍പ്പെടെ ആറ് കോണ്‍ഗ്രസ് ലോക്‌സഭാംഗങ്ങളെ സ്പീക്കര്‍ സുമിത്രാ മഹാജന്‍ സസ്‌പെന്‍ഡ് ചെയ്തു. കൊടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവന്‍, ഗൗരവ് ഗഗോയി, ആദിര്‍രാജന്‍ ചൗധരി, രണ്‍ജി രാജന്‍, സുഷ്മിതാ ദേവ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. അഞ്ചു ദിവസത്തേക്ക് ഇവര്‍ക്ക് സഭാനടപടികള്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ദലിത് ന്യൂനപക്ഷ വിഷയങ്ങള്‍, ഗോ സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് എം.പിമാര്‍ സഭയില്‍ പ്രതിഷേധിച്ചത്.
ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ അടിയന്തരപ്രമേയത്തില്‍ ചര്‍ച്ചവേണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ നിഷേധിച്ചിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെയും കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി അനന്ത് കുമാറും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദമുണ്ടായി. പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് എം.പിമാര്‍ കടലാസുകള്‍ കീറി സ്പീക്കറുടെ കസേരയ്ക്കു നേരെ എറിയുകയായിരുന്നു. ഈ നടപടി സ്പീക്കറോടുള്ള അവഹേളനമാണെന്ന് ഭരണകക്ഷി അംഗങ്ങള്‍ ആരോപിച്ചു. തുടര്‍ന്ന് കാര്യങ്ങള്‍ പരിശോധിച്ച ശേഷം അംഗങ്ങള്‍ സഭാ നടപടികള്‍ അലങ്കോലപ്പെടുത്തുകയും അച്ചടക്കം ലംഘിക്കുകയും ചെയ്തുവെന്ന് സ്പീക്കര്‍ പറഞ്ഞു. എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തതിലുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.