വടകര-കൂടത്തായി കൊലപാതക പരമ്പരയിലെ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളിയുടെ കാറില്‍ നിന്ന് സയനൈഡെന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തു. ഡ്രൈവര്‍ സീറ്റിന്റെ ഇടതു ഭാഗത്തുളള രഹസ്യഅറയിലെ പെഴ്‌സില്‍ കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു വിഷവസ്തു സൂക്ഷിച്ചിരുന്നത്. വിശദമായ പരിശോധനയ്ക്കായി കാറില്‍ നിന്ന് കിട്ടിയ ഓരോ വസ്തുവും അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിനുള്ളില്‍ നിന്നുള്ള വിഷവസ്തു സയനൈഡെന്ന് തെളിഞ്ഞാല്‍ അന്വേഷണത്തില്‍ ഇത് പൊലീസിന് നിര്‍ണായകമായ തെളിവാകും.
ജോളിയുടെ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിലും വിശദമായ പരിശോധന നടത്താനൊരുങ്ങുകയാണ് പൊലീസ്.ഇതിനിടെ, ഷാജുവിന്റെ ഭാര്യ സിലിയുടെ സ്വര്‍ണ്ണം കണ്ടെടുക്കാനുള്ള ശ്രമവും അന്വേഷണ സംഘം തുടരുകയാണ്. സ്വര്‍ണ്ണം ഷാജുവിന്റെ പക്കല്‍ നല്‍കിയെന്ന് ആദ്യം പറഞ്ഞ ജോളി ഇപ്പോള്‍ ആ മൊഴി മാറ്റി. സിലിയുടെ സ്വര്‍ണ്ണം ജോണ്‍സണ്‍ മുഖേന പണയം വച്ചുവെന്നാണ് ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതേതുടര്‍ന്ന് അന്വേഷണ സംഘം വീണ്ടും ജോണ്‍സന്റെ മൊഴിയെടുക്കും. സിലി സ്വര്‍ണ്ണം ഭണ്ഡാരപ്പെട്ടിയില്‍ ഇട്ടുവെന്നായിരുന്നു ഷാജുവിന്റെ മൊഴി. എന്നാല്‍, സിലിയുടെ ബന്ധുക്കള്‍ ഈ മൊഴി വിശ്വാസത്തില്‍ എടുത്തിരുന്നില്ല.