Sorry, you need to enable JavaScript to visit this website.

സമൂഹമാധ്യമങ്ങളേയും കൈപ്പിടിയിലൊതുക്കാൻ കേന്ദ്രനീക്കം 

സമൂഹ മാധ്യമങ്ങളെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. അതിനായി  മൂന്ന് മാസത്തിനകം പുതിയ നിയന്ത്രണങ്ങൾ കൊണ്ട് വരുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരിക്കുകയാണ്. വ്യാജവാർത്താ പ്രചാരണം, വ്യക്തിഹത്യ, രാജ്യവിരുദ്ധ പ്രചാരണം, വിദ്വേഷ പ്രചാരണം എന്നിവ നിയന്ത്രിക്കുന്നതിനാണ് പുതിയ നിയമങ്ങൾ കൊണ്ടു വരുന്നതെന്നാണ് കേന്ദ്ര വിശദീകരണം. സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രം എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് നേരത്തെ  സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധപ്പെടുത്തണമെന്ന ഹരജി പരിഗണിക്കവേയായിരുന്നു സുപ്രിംകോടതി ഇപ്രകാരം ആവശ്യപ്പെട്ടത്. 
തീർച്ചയായും ഒരു ജനാധിപത്യ സംവിധാനത്തിലെ എല്ലാ മേഖലകളിലും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന് ഇടപെടാം. എന്നാലത് ഏറ്റവും കുറഞ്ഞ രീതിയിലായിരിക്കണം. ജനങ്ങൾക്ക് പരമാവധി സ്വാതന്ത്ര്യം ലഭിക്കുന്ന സർക്കാരാണ് യഥാർത്ഥ ജനാധിപത്യ സർക്കാർ. സാമൂഹ്യമാധ്യമങ്ങളിൽ മാത്രമല്ല, എവിടെയായാലും  വ്യാജവാർത്താ പ്രചാരണം, വ്യക്തിഹത്യ, രാജ്യ വിരുദ്ധ പ്രചാരണം, വിദ്വേഷ പ്രചാരണം തുടങ്ങിയവ നിയന്ത്രിക്കാൻ ഇന്നു വേണ്ടുവോളം നിയമങ്ങളുണ്ട്. അവ ശരിയായ രീതിയിൽ ഉപയോഗിക്കുക മാത്രമാണ് ചെയ്യേണ്ടത്. എന്നാൽ യാഥാർത്ഥ്യം ഇതാണോ എന്നു സംശയിക്കുന്നത് സ്വാഭാവികം മാത്രം. രാജ്യവിരുദ്ധ പ്രചാരണം എന്ന പ്രയോഗം തന്നെ നോക്കുക. സംഘപരിവാർ ശക്തികൾ അധികാരത്തിലെത്തിയശേഷം എന്താണ് സംഭവിക്കുന്നത്? രാജ്യമെന്നാൽ ഭരണപാർട്ടിയാണെന്നാണ് അവർ സമർത്ഥിക്കുന്നത്. 
അതിനാൽ തന്നെ ഭരണപാർട്ടിയെ വിമർശിക്കുന്നത് രാജ്യദ്രോഹമാണെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. പാർട്ടിയെ മാത്രമല്ല, അവർ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വരാഷ്ട്രീയത്തെ വിമർശിക്കുന്നതും രാജ്യദ്രോഹമായി വ്യാഖ്യാനിക്കപ്പെടുന്നു. കൂടാതെ ഈ പാർട്ടിതെന്ന നേതാവിലേക്കു ചുരുങ്ങുന്നു. 
ആ നേതാവിനെ വിമർശിക്കുന്നതുപോലും രാജ്യദ്രോഹമാകുന്നു. സർക്കാർ നടപടികളെ വിമർശിക്കുന്നതും രാജ്യദ്രോഹമാകുന്നു. കശ്മീർ, അസം സംഭവവികാസങ്ങളെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നതു തന്നെ അവസാനത്തെ ഉദാഹരണം. ഇത്തരം സാഹചര്യത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ സർക്കാരിനേയും പാർട്ടിയേയും നേതാവിനേയും വിമർശിക്കുന്നവരുടെ വായമൂടികെട്ടാനാണ് പുതിയ നീക്കമെന്നതിൽ ഒരു സംശയവുമില്ല. അതംഗീകരിക്കുക എന്നാൽ ജനാധിപത്യത്തെ കുഴിച്ചുമൂടുക എന്നു തന്നെയാണർത്ഥം.
സത്യത്തിൽ  സോഷ്യൽ മീഡിയയിലെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരായി ഭരണകൂടം നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ ശക്തമായ പോരാട്ടം നടത്തി വിജയിച്ച ചരിത്രമാണ് ഇവർ മറക്കുന്നത്. കൊടുങ്ങല്ലൂരിലെ മനുഷ്യാവകാശപ്രവർത്തകനായ അഡ്വ. അനൂപ് കുമാരന്റെ നേതൃത്വത്തിൽ നടന്ന നിയമയുദ്ധം തന്നെ ഉദാഹരണം. 
സോഷ്യൽ മീഡിയകളിലൂടെ ചെയ്യുന്ന പോസ്റ്റുകളോ കമന്റുകളോ വെറും ലൈക്കുകൾ തന്നെയോ മറ്റൊരാൾക്ക് ബുദ്ധിമുട്ടോ ശല്യമോ ആയി തോന്നിയാൽ പോലും സ്ഥലം പോലീസ് സ്റ്റേഷനിൽ പരാതികൊടുക്കാനും എസ്ഐക്ക്  അറസ്റ്റ് ചെയ്തു ക്രിമിനൽ കോടതിയിൽ ഹാജരാക്കി 3 വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കേസ് രജിസ്റ്റർചെയ്യാനും കഴിയുമായിരുന്നു. എന്നാൽ ഇതേകാര്യം തന്നെ  പത്രത്തിലൂടെയോ പോസ്റ്റർ ഒട്ടിച്ചോ, നോട്ടീസ് അടിച്ചു വിതരണം ചെയ്‌തോ, 
ഫഌക്‌സ് വെച്ചോ ചെയ്താൽ അപമാനിതനായ വ്യക്തിക്ക് ആകെ ചെയ്യാൻ കഴിയുന്നത് ക്രിമിനൽ കോടതിയിൽ നേരിട്ടു പരാതി കൊടുക്കുകയായിരുന്നു. സംശയത്തിനിടയില്ലാത്തവിധം കോടതിക്കു ബോധ്യപ്പെട്ടാൽ മാത്രമാണ് പ്രതിക്കെതിരെ നടപടി സ്വീകരിക്കുക. ഒരേകാര്യം വ്യത്യസ്ത മാധ്യമങ്ങളിൽകൂടി ചെയ്യുമ്പോൾ രണ്ടുതരം ശിക്ഷയായിരുന്നു എന്നർത്ഥം. അതിനെതിരെയായിരുന്നു നിയമയുദ്ധം നടന്നത്. 
സോഷ്യൽ മീഡിയകളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യയിൽ പാസാക്കിയ നിയമമാണ് ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് 2000. ഈ നിയമത്തിന് ഒരു ഭേദഗതി എ. രാജ കേന്ദ്ര ഐ ടി വകുപ്പ് മന്ത്രിയായിരിക്കെ കൊണ്ടുവരികയും യാതൊരു ചർച്ചയും കൂടാതെ ലോകസഭ അത് പാസാക്കുകയുംചെയ്തു. അതാണ് ഐ ടി ആക്ട് സെക്ഷൻ 66 എ എന്ന കരിനിയമം. ഇതുപയോഗിച്ചാണ് സോഷ്യൽ മീഡിയയിലെ മുഴുവൻ വിമർശനങ്ങളെയും ഭരണകൂടം ഭീഷണിപ്പെടുത്തിയിരുന്നത്. അതനുസരിച്ച്   3 വർഷം വരെ ശിക്ഷ ലഭിക്കാം. സമാനമായ നിയമം നിലനിന്നിരുന്ന യു കെയിൽ അത് പൗരന്റെ വ്യക്തിസ്വാതന്ത്ര്യമായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും അതുകൊണ്ട് നിലനിൽക്കുകയില്ലായെന്നും അവിടുത്തെ പരമോന്നത നീതിപീഠം 2006 ൽ വിധിച്ചിരുന്നു. 
ഇവിടേയും  നമ്മുടെ ഭരണഘടനയുടെ മൗലികാവകാശങ്ങളുടെ  ലംഘനമാണ് ഈ കരിനിയമം എന്നു ചൂണ്ടികാട്ടിയായിരുന്നു കേസ് വാദിച്ചത്. കൊടുങ്ങല്ലൂരിൽ ക്രാഫ്റ്റ് ആശുപത്രിയിലെ നഴ്‌സുമാർക്ക് സർക്കാർ നിശ്ചയിച്ച മിനിമം വേതനത്തിനു വേണ്ടിയുള്ള സമരവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിൽ ലൈക്ക് ചെയ്ത യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻഷായെയും കൊടുങ്ങല്ലൂരിലെ മനുഷ്യാവകാശപ്രവർത്തകനും അഭിഭാഷകനുമായ അനൂപ് കുമാരനേയും ആക്ട്  സെക്ഷൻ 66 എ  ഉപയോഗിച്ച് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിടുകയായിരുന്നു. കൂടാതെ മലയാള മനോരമ പത്രത്തിന്റെ പ്രാദേശിക ലേഖകൻ കൊടുത്ത ഫേസ്ബുക്ക് പരാമർശത്തിൽ അധിഷ്ഠിതമായ പരാതിയിലും കേരള പോലീസ് ആക്ട് 118 ഡി പ്രകാരം അറസ്റ്റ് ചെയ്തു. തുടർന്ന് അനൂപ് ഫേസ്ബുക്ക്, ട്വിറ്റർ, വാട്‌സ്ആപ് മുതലായ സോഷ്യൽ മീഡിയകളുടെ ഭരണഘടനാപരവും ജനാധിപത്യപരവുമായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുവേണ്ടി സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്യുകയായിരുന്നു. 
ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളായ ആർട്ടിക്കിൾ 14, 19(1)മ, 21 എന്നിവയുടെ ലംഘനമാണ് സോഷ്യൽ മീഡിയയെ നിയന്ത്രിക്കുന്ന ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ 66 എ, കേരള പോലീസ് ആക്ട് 118 ഡി എന്നി വകുപ്പുകൾ എന്നും അതുകൊണ്ട് ഈ വകുപ്പുകൾ റദ്ദാക്കണമെന്നുമാണ് ഹരജിയിൽ ആവശ്യപെട്ടത്. ഇതടക്കം പല ഹരജികളും ഒരുമിച്ച് കേട്ട സുപ്രീംകോടതി അതംഗീകരിക്കുകയും രണ്ടും റദ്ദാക്കുകയുമായിരുന്നു. ഇന്ത്യൻ നിയമ വ്യവസ്ഥയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാണ് ഈ വിധി. വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്രത്തെ നിയമം മൂലം നിരോധിക്കാൻ ഇന്ത്യൻ നിയമനിർമാണ സഭകൾക്ക് സാധ്യമല്ലെന്നും അതിനു കൂട്ടുനിൽക്കാൻ ഇന്ത്യൻ ജുഡിഷ്യറിയെ കിട്ടില്ലെന്നും തെളിയിക്കുന്നതാണ് ഈ വിധി. അത് അട്ടിമറിക്കാനാണ് ഇപ്പോൾ വീണ്ടും സർക്കാർ ശ്രമിക്കുന്നത്. 
മുകളിൽ സൂചിപ്പിച്ച പോലെ മറ്റെല്ലാ മാധ്യമങ്ങളിലേയും തെറ്റായ പ്രവണതകളെ നിയന്ത്രിക്കുന്ന നിയമങ്ങൾ സാമൂഹ്യമാധ്യമങ്ങളിലും വേണ്ടിവരും. പലപ്പോഴും മറ്റു മാധ്യമങ്ങലേക്കാൾ മോശമായും ഇവ അധപതിക്കുന്നുണ്ട്. എന്നാൽ കേന്ദ്രസർക്കാരിന്റെ ലക്ഷ്യം അതല്ല എന്നവരുടെ നിലപാടുകൾ തന്നെ വ്യക്തമാക്കുന്നു. രാജ്യത്തെ ഇന്റർനെറ്റ് ഉപഭോഗത്തിലുണ്ടായ വളർച്ച ചിന്തിക്കാവുന്നതിനുമപ്പുറം തടസമുണ്ടാക്കുന്നെന്നാണ് സർക്കാർ സുപ്രീംകോടതിയോട് പറഞ്ഞത്. 
 ഇന്റർനെറ്റ് ജനാധിപത്യത്തിന് ഭീഷണിയാവുകയാണെന്നും അതിനാൽ തന്നെ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, യുട്യൂബ് മുതലായ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള അവകാശം വേണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. രാജ്യത്തിന്റെ വികസനം, അഖണ്ഡത, സുരക്ഷ എന്നിവക്ക് പ്രതികൂലമാകുന്ന പ്രചാരണങ്ങൾക്ക് തടവ് ശിക്ഷയും പിഴയുമടക്കം നടപ്പാക്കണമെന്നും സർക്കാർ പറയുമ്പോൽ അതെല്ലാം ലക്ഷ്യം വെക്കുന്നത് എന്തിനെയാണെന്നു മനസ്സിലാക്കാൻ സാമാന്യ രാഷ്ട്രീയബോധം മാത്രം മതി. അതെല്ലാമംഗീകരിക്കുക എന്നാൽ ജനാധിപത്യവും മനുഷ്യാവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും കുഴിച്ചുമൂടുക എന്നുതന്നെയാണർത്ഥം.


 

Latest News