Sorry, you need to enable JavaScript to visit this website.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞ അഞ്ചു കാര്യങ്ങള്‍

സ്ഥാനമൊഴിയുന്ന ഇന്ത്യയുടെ 13-ാമത് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഞായറാഴ്ച പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തി. നിയമ നിര്‍മ്മാണ പ്രക്രിയയില്‍ ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതു സംബന്ധിച്ച് ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും ഒരു സന്ദേശം ഉള്‍ക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. 37 വര്‍ഷത്തെ പാര്‍ലമെന്ററി രാഷ്ട്രീയ പരിചയമുള്ള പ്രണബ് മുഖര്‍ജി പരാമര്‍ശിച്ച പ്രസക്തമായ അഞ്ചു കാര്യങ്ങള്‍:

 

പാര്‍ലമെന്റിനെ കുറിച്ച് : രാഷ്ട്രത്തെ സേവിക്കാനായതില്‍ അതീവ സന്തോഷത്തോടെയും തികഞ്ഞ സംതൃപ്തിയോടെയുമാണ് ഞാന്‍ വിട വാങ്ങുന്നത്. പാര്‍ലമെന്റിലുണ്ടാകുന്ന ബഹളങ്ങളും തടസ്സങ്ങളും സര്‍ക്കാരിനേക്കാള്‍ പ്രതിപക്ഷത്തിന് എങ്ങനെ ദോഷം ചെയ്യുന്നുവെന്ന് തിരിച്ചറിയാനായി. ജനങ്ങളുടെ ആശങ്കകള്‍ ഉന്നയിക്കാനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത്. 

 

നിയമനിര്‍മ്മാണം: നിയമനിര്‍മ്മാണ ചുമതല നിര്‍വഹിക്കുന്നതില്‍ പാര്‍ലമെന്റ് പരാജയപ്പെടുകയോ അല്ലെങ്കില്‍ ചര്‍ച്ചകള്‍ കൂടാതെ നിയമങ്ങള്‍ പാസാക്കപ്പെടുകയോ ചെയ്യുമ്പോള്‍ അത് ജനങ്ങള്‍ പാര്‍ലമെന്റില്‍ അര്‍പ്പിച്ച വിശ്വാസത്തെ ഹനിക്കുന്നതായാണ് ഞാന്‍ മനസ്സിലാക്കുന്നത്.

 

ഇന്ദിരാ ഗാന്ധിയും അടിയന്തരാവസ്ഥയും: ഇന്ദിരാ ഗാന്ധിക്ക് നേരിടേണ്ടി വന്നിരുന്ന ചോദ്യങ്ങളില്‍ ആദ്യത്തേത് അടിയന്തരാവസ്ഥ കൊണ്ട് എന്തു നേട്ടമുണ്ടായി എന്നായിരുന്നു. 'ആ 21 മാസക്കാലം ഞങ്ങള്‍ ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒറ്റപ്പെടുത്താന്‍ സമഗ്രമായി തന്നെ ശ്രമം നടത്തി' എന്നായിരുന്നു ചോദിക്കുന്നവരുടെ കണ്ണില്‍ നോക്കി ഇന്ദിര പറഞ്ഞിരുന്നത്. പിഴവുകള്‍ സമ്മതിക്കുക അത് തിരുത്തുക എന്ന ആദ്യപാഠം ഞാന്‍ പഠിച്ചത് ഇതില്‍ നിന്നാണ്. ഇത്തരം സാഹചര്യങ്ങളില്‍ സ്വയം ന്യായീകരിക്കുന്നതിനേക്കാള്‍ നല്ലത് സ്വയം തിരുത്തലാണ്. 

 

ഇന്ത്യയുടെ വൈവിധ്യം:  3.3 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ കരയും ദ്വീപുകളുമടങ്ങുന്ന ഇന്ത്യയെന്ന മഹത്തായ രാജ്യത്തിന്റെ ഒരു മുക്കുമൂല പോലും പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കപ്പെടാതെ വിട്ടിട്ടില്ല. 788 എംപിമാരില്‍ ഓരോരുത്തരുടെ ശബ്ദവും വളരെ പ്രാധാന്യമുള്ളതാണ്. 

 

പ്രധാനമന്ത്രി നരേന്ദ്ര മോദി: പ്രധാനമന്ത്രി മോദിയോടൊപ്പമുള്ള പ്രവര്‍ത്തനങ്ങളും അദ്ദേഹത്തം എന്നോട് കാണിച്ച ഊഷ്മളമായ പെരുമാറ്റവും എന്നെന്നും എന്റെ ഓര്‍മകളിലുണ്ടാകും.

Latest News