ന്യൂദല്‍ഹി- സ്‌കൂള്‍ പാഠപുസ്തകങ്ങളിലെ അറബി, ഉറുദു, ഇംഗ്ലീഷ് വാക്കുകളും വിഖ്യാത കവികളായ മിര്‍സാ ഗാലിബ്, രവീന്ദ്രനാഥ ടാഗോര്‍ എന്നിവരുടെ കവിതകളും ലോകപ്രശസ്ത ചിത്രകാരന്‍ എം എഫ് ഹുസൈന്റെ ജീവചരിത്ര ഭാഗങ്ങളും അടക്കം നിരവധി പരാമര്‍ശങ്ങള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിലാക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസിനു കീഴിലുള്ള ശിക്ഷ സംസ്‌കൃതി ഉഠാന്‍ ന്യാസ് എന്ന സംഘടന രംഗത്ത്. ആര്‍ എസ് എസിന്റെ വിദ്യാഭാസ വിഭാഗമായ വിദ്യാ ഭാരതിയുടെ മുന്‍ തലവന്‍ കൂടിയായ ന്യാസ് അധ്യക്ഷന്‍ ദിന നാഥ് ബത്ര നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എജുക്കേഷനല്‍ റിസര്‍ച് ആന്റ് ട്രൈനിംഗ്(എന്‍ സി ഇ ആര്‍ ടി)-നു സമര്‍പ്പിച്ച നിര്‍ദേശങ്ങളാണിത്. പാഠപുസ്തകങ്ങള്‍ തയാറാക്കുന്ന കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള വിദ്യാഭ്യാസ ഗവേഷണ ഏജന്‍സിയായ എന്‍ സി ഇ ആര്‍ ടി എല്ലാ ക്ലാസുകളിലേയും പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിന് പൊതുജനങ്ങളില്‍ നിന്ന് ഈയിടെ നിര്‍ദേശങ്ങള്‍ തേടിയിരുന്നു.
മുഗള്‍ ചക്രവര്‍ത്തിമാരെ ഉദാരന്മാരായി വിശേഷിപ്പിക്കുന്ന പാഠ ഭാഗങ്ങളും ബിജെപിയെ ഹിന്ദു പാര്‍ട്ടിയെന്നും നാഷണല്‍ കോണ്‍ഫറന്‍സിലെ മതേതര പാര്‍ട്ടിയെന്നും പരിചയപ്പെടുത്തുന്ന ഭാഗങ്ങളും നീക്കണം. 1984-ലെ സിഖ് കൂട്ടക്കൊലയ്ക്ക് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മാപ്പപേക്ഷിച്ചതും '2002-ല്‍ ഗുജറാത്തില്‍ രണ്ടായിരത്തോളം മു്സ്ലിംകള്‍ കൊല്ലപ്പെട്ടു' എന്ന വാചകവും പാഠ പുസ്തകങ്ങളില്‍ നിന്ന് വെട്ടണമെന്നും സംഘ പരിവാര്‍ സംഘടന ആവശ്യപ്പെടുന്നു.
പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലും താഴ്ന്ന ക്ലാസുകളിലെ ഹിന്ദി, ചരിത്ര പുസ്തകങ്ങളിലുമാണ് കാര്യമായ തിരുത്തല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അഞ്ച് പേജ് വരുന്ന നിര്‍ദേശങ്ങളോടൊപ്പം എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളിലെ ഒഴിവാക്കേണ്ട ഭാഗങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തിയും അടിവരയിട്ടും സമര്‍പ്പിച്ചിട്ടുണ്ട്. 'ഈ പുസ്തകങ്ങളിലെ പല കാര്യങ്ങളും അടിസ്ഥാന രഹിതമാണ്. ഒരു പ്രത്യേക സമുദായത്തിലെ ആളുകളെ മാത്രം അധിക്ഷേപിക്കാനുള്ള ശ്രമവും ഇതിലുണ്ട്. ഇതൊരു പ്രീണം കൂടിയാണ്. കലാപങ്ങളെ കുറിച്ച് പഠിപ്പിച്ച് കുട്ടികളെ എങ്ങനെ പ്രചോദിപ്പിക്കാനാകും?' മുതിര്‍ന്ന ആര്‍ എസ് എസ് പ്രചാരകും ന്യാസ് സെക്രട്ടറിയുമായ അതുല്‍ കോത്താരി ഈ നീക്കത്തോട് ഇങ്ങനെയാണ് പ്രതികരിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും കോത്താരി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.