ജയ്പൂര്‍- ബിഎസ്പിയുടെ ദേശീയ നേതാവിനെ പ്രവര്‍ത്തകര്‍ കഴുതപ്പുറത്ത് കയറ്റി. മുഖത്ത് കരി ഓയിലൊഴിച്ച ശേഷം ചെരുപ്പ് മാലയിട്ടാണ് കഴുതപ്പുറത്ത് നിര്‍ബന്ധിച്ച് കറ്റിയത്. ബിഎസ്പി ദേശീയ കോ ഓഡിനേറ്റര്‍ രാംജി ഗൗതമിനാണ് ദുരനുഭവം. രാംജി ഗൗതമിന് പുറമെ രാജസ്ഥാന്റെ പാര്‍ട്ടി ചുമതലയുണ്ടായിരുന്ന ബിഎസ്പി നേതാവ് സിതാറാമിനെയും പ്രവര്‍ത്തകര്‍ കഴുതപ്പുറത്ത് കയറ്റി. ഇരുവരും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് പീഡനം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒട്ടേറെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച് ഇരുനേതാക്കളെയും കഴുതപ്പുറത്ത് കയറ്റുന്നതും ചെരുപ്പ് മാലയിടുന്നതുമാണ് വീഡിയോ. വന്‍ ജനക്കൂട്ടം നോക്കി നില്‍ക്കെയാണ് പ്രവര്‍ത്തകരുടെ നടപടി. രാംജി ഗൗതം വഞ്ചകനാണെന്നും പണത്തിന് വേണ്ടി പാര്‍ട്ടിയെ ഒറ്റിക്കൊടുത്തവനാണെന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. വിഷയത്തില്‍ മായാവതിയോ ഉത്തര്‍ പ്രദേശിലെ നേതാക്കളോ പ്രതികരിച്ചിട്ടില്ല. രാജസ്ഥാനില്‍ ബിഎസ്പി എംഎല്‍എമാര്‍ അടുത്തിടെ കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസുമായി മായാവതി ഉടക്കി നില്‍ക്കുന്ന വേളയിലായിരുന്നു ഇത്. മധ്യപ്രദേശിലെ ചില ബിഎസ്പി നേതാക്കളും കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് മായാവതിയെ ചൊടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് അധികാരം ദുര്‍വിനിയോഗം ചെയ്ത് ബിഎസ്പിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ബിഎസ്പി നേതാക്കളുടെ ആരോപണം.