മംഗളുരു-ഒന്നര വയസ്സ് പ്രായമുള്ള പശുവിന് കഴിക്കാന്‍ അമ്പലത്തില്‍ സമര്‍പ്പിച്ച പൂമാല, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 20 പവന്റെ സ്വര്‍ണമാല. ബംഗളൂരുവിനടുത്ത് ശിവമൊഗ സാഗര്‍ താലൂക്കിലെ നന്ദിത്താലെ ഗ്രാമത്തിലാണ് സംഭവം. ഒന്നര വയസ്സോളം പ്രായമുള്ള പശുവിന് കഴിക്കാന്‍ നല്‍കിയതാണ് വാടിയ പൂമാല. വെറും പൂമാലയായിരുന്നില്ല. വിജയദശമി ദിനത്തില്‍ പൂജയുടെ ഭാഗമായി വിഗ്രഹത്തില്‍ ചാര്‍ത്തിയ പൂമാലയാണ് പശുവിന് കഴിക്കാന്‍ നല്‍കിയത്. എന്നാല്‍, പൂമാലയ്‌ക്കൊപ്പം 20 പവന്റെ സ്വര്‍ണമാലയുണ്ടായിരുന്നത് ആരും ശ്രദ്ധിച്ചില്ല, പൂമാലയ്‌ക്കൊപ്പം സ്വര്‍ണമാലയും പശു കഴിച്ചു.
പശു സ്വര്‍ണ്ണമാല കഴിച്ചതോടെ ഉടമയായ രവീന്ദ്രഭട്ട് മൃഗഡോക്ടറുടെ അടുത്തെത്തി. ചാണകത്തിനൊപ്പം മാല പുറത്തുവരുമോയെന്ന് നോക്കി. ഫലം കാണാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഡോ. ദയാനന്ദിന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയില്‍ മാല കാര്യമായ കേടുപാടുകള്‍ കൂടാതെ ആമാശയത്തില്‍ നിന്ന് പുറത്തെടുത്തു.