Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ടാക്‌സിയിലെ രക്തം 

മിസ്‌രിയുടെ ഓഫീസിൽനിന്നിറങ്ങി കാറിൽ കയറിയ മൽബുവിന്റെ വിറയൽ മാറിയിരുന്നില്ല. കുറച്ചു ദിവസങ്ങളായി കാണുന്നതും കേൾക്കുന്നതുമെല്ലാം അവിശ്വസനീയ സംഭവങ്ങളാണ്. 
കുറേക്കാലം കീഴിൽ ജോലി ചെയ്തിരുന്നയാൾ പൊടുന്നനെ മേലുദ്യോഗസ്ഥനായതും കള്ളക്കേസുണ്ടാക്കി മേലുദ്യോഗസ്ഥനെ പുറത്താക്കിയതുമാണ് ഒടുവിൽ കേട്ടത്. അതും ഒരു മൽബു.

മുറിയിൽ പൂട്ടിയിട്ട ആളുകളിൽ ഓരോരുത്തരെയായി പുറത്തിറക്കി കാക്കിയിട്ട അഞ്ചാറുപേർ ചേർന്ന് തലങ്ങും വിലങ്ങും അടിക്കുന്ന ദൃശ്യം വാട്‌സാപ്പിൽ ആരോ അയച്ചതായിരുന്നു. 
ഒരു ജിമ്മിൽ കയറി കാക്കിയിട്ട ഒരാൾ അവിടെ ഉണ്ടായിരുന്ന ചെറുപ്പക്കാരെ മുഴുവൻ ക്രൂരമായി മർദിക്കുന്ന മറ്റൊരു വിഡിയോ സിനിമയിലേതു പോലെയാണ് തോന്നിയത്. ഒരാളെ കണ്ടോ എന്നു ചോദിക്കുന്ന കാക്കിവേഷധാരി ഇല്ല എന്നു പറയുന്നവരെ ചവിട്ടിത്തെറിപ്പിക്കുന്നു.
 ഇപ്പോൾ അയാളെ തിരിച്ചടിക്കുമെന്ന് കാണുന്നവർക്ക് തോന്നുന്ന നല്ല ഉശിരുള്ള ചെറുപ്പക്കാരാണ് അയാളുടെ ക്രൂര മർദനത്തിരയായത്.  ഇതും വന്നുചേർന്നത് വാട്‌സാപ്പിലൂടെ തന്നെ. 
ഇതൊക്കെ കണ്ട് വിങ്ങുന്ന മനസ്സുമായാണ് തലേന്നാൾ ഉറങ്ങാൻ കിടന്നിരുന്നത്. തിരിഞ്ഞും മറിഞ്ഞും കിടന്ന് കണ്ണു ചിമ്മിയതാകട്ടെ പുലരാറായപ്പോൾ. മൽബിയുടെ മിസ്ഡ് കോൾ വന്നതു കൊണ്ട് മാത്രമാണ് സമയത്ത് ഉണർന്നത്.  
ഇന്റർവ്യൂവിനു ശേഷം പോക്കറ്റിലുള്ള ഓരോ സാധനവും മിസ്‌രി പുറത്തെടുപ്പിച്ചപ്പോൾ ശരിക്കും പേടിച്ചു പോയിരുന്നു. ഓഫീസിൽനിന്ന് എന്തേലും കാണാതെ പോയിട്ടുണ്ടെങ്കിൽ അത് തന്റെ മേൽ ചാർത്തി മിസ്‌രിക്കുവേണമെങ്കിൽ കൈകഴുകാം. ജോലി തേടിപ്പോയ തന്നെക്കാൾ ആരും വിശ്വസിക്കുക മിസ്‌രിയെ ആയിരിക്കും. കാരണം അയാൾ അവിടത്തെ മാനേജരാണല്ലോ..
കാറിൽ കഴിഞ്ഞുപോയ സംഭവങ്ങൾ ഓരോന്ന് ആലോചിക്കുമ്പോഴാണ് നാട്ടിൽനിന്ന് മൽബിയുടെ വിളി. ഒന്നും കേൾക്കാൻ പറ്റുന്നില്ല.
എങ്ങനെ കേൾക്കും.. കാറിൽ കയറിയതുമുതൽ പാക്കിസ്ഥാനി ഡ്രൈവർ ഫോണിൽ ഉച്ചത്തിൽ സംസാരിച്ചു തുടങ്ങിയതാണ്. അയാൾ ഭാര്യയോടാണ് സംസാരിക്കുന്നതെന്ന് മനസ്സിലായെങ്കിലും ഭാഷ പഷ്തുവായതിനാൽ ഒന്നും തിരിഞ്ഞില്ല. 
ഭായി സാബ്, സൗണ്ട് തോട കം കരോ..
അയാൾ ശബ്ദം ഇത്തിരി കുറച്ചപ്പോൾ മൽബി ഹലോ പറയുന്നത് കേൾക്കാം.
നീ എന്നെ ഒന്നു പുതപ്പിട്ടു മൂടു...മൽബു മൽബിയോട് പറഞ്ഞു.
പുതപ്പിട്ട് മൂടിക്കിടക്കാതെ പോയി ജോലി അന്വേഷിക്ക് മനുഷ്യാ.. 
മൽബിയുടെ മറുപടി. 
മിസ്‌രിയുടെ ഓഫീസിൽ വെച്ചുണ്ടായ പേടിപ്പിക്കുന്ന അനുഭവം മൽബിയോട് പറയണമെന്നുണ്ടായിരുന്നെങ്കിലും പറയാൻ തോന്നിയില്ല. 
ഹിറാ ഗുഹയിൽവെച്ച് ജിബ്‌രീൽ മലക്കിനെ കണ്ടും വഹ്‌യ് ഏറ്റുവാങ്ങിയും വിറച്ചുപോയ പ്രവാചകനെ ആശ്വസിപ്പിക്കുകയും പുതപ്പിട്ട് മൂടുകയും ചെയ്ത ഖദീജാ ബീവിയെയാണ് ഓർമ വന്നത്. മാണിക്യമലരായ പൂവി....
എനിക്ക് നിന്നെ വല്ലാതെ മിസ് ചെയ്യുന്നുണ്ട് ട്ടോ. കാണണംന്ന് തോന്നുന്നു- മൽബു പറഞ്ഞു. 
ശൃംഗരിക്കാതെ കാര്യം പറ മനുഷ്യാ..ജോലി ആയോന്ന് വാപ്പ ചോദിച്ചോണ്ടുണ്ട്. 
ആയില്ല. ആകും. കുറേ ഇന്റർവ്യൂ കൊടുത്തിട്ടുണ്ട്. ശരിയാകും. പിന്നെ നീ വാട്‌സാപ്പിൽവരുന്ന വീഡിയോകളൊന്നും നോക്കണ്ടാട്ടോ. ഉറക്കം കിട്ടില്ല. ഇന്നലെ എനിക്ക് ഉറക്കം തീരെ ശരിയായില്ല. 
വീഡിയോ കാണലൊക്കെ ഇങ്ങളെ പണി. ഇങ്ങള് തന്നെ കണ്ടാ മതി. അവിടെ വെറുതെ ഇരിക്കല്ലേ. കണ്ടു തീർത്തോളി..ഒന്നും ഒഴിവാക്കണ്ട.. മൽബി സ്വരം അൽപം കടുപ്പിച്ചു. ദേ ആരോ ബെല്ലടിക്കുന്നുണ്ട് എന്നു പറഞ്ഞ് ഫോൺ കട്ടാക്കി പോവുകയും ചെയ്തു. 
അപ്പോഴേക്കും പാക്കിസ്ഥാനി ഫോണിൽ സംസാരം നിർത്തി ഐഫോണിൽ വീഡിയോ കണ്ടു തുടങ്ങിയിരുന്നു. ഡാഷ് ബോർഡിൽ ഫോൺ ഉറപ്പിച്ചാണ് കാണുന്നതെങ്കിലും മൽബുവിന് പേടിയായി. റോഡിൽ നല്ല തിരക്കുണ്ട്. അയാളാണെങ്കിൽ വീഡിയോയിൽനിന്ന് കണ്ണെടുക്കുന്നുമില്ല. 
ഭായി സാബാ,  ആപ് വീഡിയോ ബാദ്‌മേ ദേഖോ.. അബീ റോഡ് ദേഖോ..
വലിയ ഒരു ട്രക്കിന്റെ ബോഡി അഴിച്ചുമാറ്റി അതിൽ സ്ഥാപിച്ച കൂറ്റൻ എൽ.സി.ഡി സ്‌ക്രീനിൽ തെളിയുന്ന ദൃശ്യങ്ങളാണ് ഡ്രൈവർ കണ്ടുകൊണ്ടിരുന്നത്. സ്ത്രീകളേയും കുട്ടികളേയും ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ. മരിച്ചുവീഴുന്ന കാഴ്ചകൾ.
ഇതാണ് കശ്മീരിലെ സ്ഥിതിയെന്ന് അയാൾ പറഞ്ഞപ്പോൾ മൽബു വിട്ടുകൊടുത്തില്ല.  
ഇതു ഞങ്ങളുടെ കശ്മീരല്ല, നിങ്ങളുടെ കശ്മീരായിരിക്കുമെന്ന് ദേശസ്‌നേഹത്തിൽ ചാലിച്ച മറുപടി നൽകിയെങ്കിലും ആപ്കാ മോഡി ഇൻസാൻ നഹീഹേ  എന്നു പറഞ്ഞ് അയാൾ തർക്കിച്ചു. 
തർക്കം മൂക്കുന്നതിനു മുമ്പേ മൽബുവിന്റെ അസ്വസ്ഥത മനസ്സിലാക്കി അയാൾ വീഡിയോ ഓഫ് ചെയ്ത് വീണ്ടും ഫോണിലേക്ക് തിരിഞ്ഞു.
അപ്പോഴേക്കും മൽബുവിന് ഇറങ്ങേണ്ട സ്ഥലമെത്തിയിരുന്നു. ശുക്‌റൻ പറഞ്ഞിറങ്ങി. 

Latest News