ന്യൂദല്‍ഹി-ആണ്‍തുണയില്ലാതെ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ നാസയുടെ ബഹിരാകാശ യാത്രികരായ ജസീക്ക മെയറെയും ക്രിസ്റ്റീന കോച്ചിനെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരുവരെയും അഭിനന്ദനമറിയിക്കാനായി വിളിച്ച സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഫോണ്‍ ചെയ്താണ് ട്രംപ് അഭിനന്ദനം അറിയിച്ചത്. എന്നാല്‍, എന്തിനാണ് വനിതകളെ അഭിനന്ദിക്കുന്നത് എന്ന് പോലും അറിയാതെയായിരുന്നു ട്രംപിന്റെ ഫോണ്‍ കോള്‍. ട്രംപ് ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞ മണ്ടത്തരവും അത് തിരുത്തിയ ബഹിരാകാശ യാത്രികയുടെ വാക്കുകളുമാണ് ശ്രദ്ധേയമാകുന്നത്. 'ഒരു സ്ത്രീ ബഹിരാകാശ നിലയത്തിനു പുറത്തിറങ്ങുന്നത് ഇത് ആദ്യമായാണ്' എന്നാണ് ഡൊണാള്‍ഡ് ട്രംപ് വനിതകളോട് പറഞ്ഞത്. എന്നാല്‍, ഇതുവരെ 15 വനിതകള്‍ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിട്ടുണ്ടെന്നും അപ്പോഴെല്ലാം ഒരു പുരുഷ സഞ്ചാരിയും ഒപ്പമുണ്ടായിരുന്നുവെന്നും ട്രംപിനെ ജെസീക്ക മെയര്‍ തിരുത്തുകയായിരുന്നു. ഇതിനു മുന്‍പ് മറ്റ് നിരവധി വനിതാ ഗവേഷകര്‍ ബഹിരാകാശ നടത്തം നടത്തിയിട്ടുണ്ട്. എന്നാല്‍ ഒരേ സമയം രണ്ട് സ്ത്രീകള്‍ പുറത്ത് ഉണ്ടായിരിക്കുന്നത് ഇതാദ്യമാണെന്ന് ട്രംപിനോട് മെയര്‍ പറഞ്ഞു.
അങ്ങേയറ്റം അപകടകരവും സാഹസികത നിറഞ്ഞതുമായ ഈ നടത്തം സ്ത്രീകളുടെ മാത്രം പ്രയത്‌നത്തില്‍ നടത്തുന്നുവെന്നതായിരുന്നു കോച്ച്‌മെയര്‍ യാത്രയുടെ പ്രത്യേകത. 1984 ല്‍ ബഹിരാകാശ നടത്തം നടത്തിയ റഷ്യന്‍ ബഹിരാകാശയാത്രികയായ സ്വെറ്റ്‌ലാന സാവിറ്റ്‌സ്‌കായണ് ആദ്യമായി ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ ആദ്യ വനിത. കോച്ചിന്റെ നാലാമത്തെ ബഹിരാകാശ നടത്തമാണ് പൂര്‍ത്തിയായത്. മെയറിന്റെ ആദ്യത്തേതും.